Image

പൊലീസുകാരെ, ക്യാമറയ്ക്ക് മുന്നിൽ വില്ലന്മാരാകരുത്; ഡൽഹി പൊലീസിന് കർശന നിർദ്ദേശം

Published on 23 August, 2026
പൊലീസുകാരെ, ക്യാമറയ്ക്ക് മുന്നിൽ വില്ലന്മാരാകരുത്; ഡൽഹി പൊലീസിന് കർശന നിർദ്ദേശം

ന്യൂഡൽഹി: പ്രതിഷേധ പ്രകടനങ്ങളും സമരങ്ങളും കൈകാര്യം ചെയ്യുമ്പോൾ പൊലീസുകാർ തികഞ്ഞ ശാന്തത പാലിക്കണമെന്നും പ്രതിഷേധക്കാരുടെ പ്രകോപനങ്ങളിൽ വീഴരുതെന്നും ഡൽഹി പൊലീസിന് കേന്ദ്ര ഏജൻസികളുടെ പുതിയ മാർഗനിർദ്ദേശം. ഉദ്യോഗസ്ഥരെ ക്യാമറയ്ക്ക് മുന്നിൽ 'വില്ലൻമാരായി' ചിത്രീകരിക്കാനുള്ള നീക്കങ്ങളെ ചെറുക്കാനും തടയാനുമാണ് ഈ നിർദ്ദേശങ്ങൾ.

കഴിഞ്ഞ ജൂലൈ 20-ന് പാർലമെൻ്റ് മൺസൂൺ സെഷൻ്റെ ആദ്യ ദിനത്തിൽ ജന്തർ മന്തറിൽ കൊക്രൊച്ച് ജനതാ പാർട്ടി (സി ജെ പി) നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസിൻ്റെ ഭാഗത്തുനിന്ന് അതിക്രമമുണ്ടായെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ ഉപദേശം.

"നിങ്ങളുടെ ദേഷ്യമാണ് അവരുടെ വിജയം. നിങ്ങളെ വില്ലന്മാരായി ചിത്രീകരിക്കാൻ അവർക്ക് വേണ്ട ഉള്ളടക്കമാണ് അത് നൽകുന്നത്," മാർഗനിർദ്ദേശത്തിൽ പറയുന്നു. സമരങ്ങൾ ചിത്രീകരിക്കപ്പെടാനും സൂക്ഷ്‌മമായി പരിശോധിക്കപ്പെടാനും സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥർ അതീവ ജാഗ്രതയും സ്വയം നിയന്ത്രണവും പാലിക്കണമെന്ന് ഏജൻസികള്‍ ഓർമ്മിപ്പിച്ചു.

സമരക്കാരുമായി ആവശ്യമില്ലാത്ത സംഭാഷണങ്ങൾ ഒഴിവാക്കണമെന്നും അവരുടെ ചോദ്യങ്ങൾ, പരിഹാസങ്ങൾ, വൈകാരിക അപ്പീലുകൾ, തർക്കങ്ങൾ എന്നിവയ്ക്ക് മറുപടി നൽകരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. സംസാരിക്കേണ്ടി വന്നാൽ സഹകരിക്കാൻ മാത്രം അഭ്യർഥിച്ച് നിശബ്‌ദത പാലിക്കണം. സമരം ചെയ്യുന്ന സ്ത്രീകളിൽ നിന്ന് പൂക്കളോ ഭക്ഷണങ്ങളോ സ്വീകരിക്കരുത്. കഴിഞ്ഞ സമരത്തിൽ പൊലീസുകാർ മർദ്ദിച്ചിട്ടും അവർക്ക് തിരികെ പൂക്കൾ നൽകുന്ന പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും പൊലീസിന് കടുത്ത വിമർശനം നേരിടേണ്ടി വരികയും ചെയ്‌തിരുന്നു.

സി ജെ പി പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയുടെ വീഡിയോകൾ വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സംഭവത്തിൻ്റെ തൊട്ടടുത്ത ദിവസം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു. ഓഗസ്റ്റ് 21 ന് രാഹുൽ ഗാന്ധി പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പെല്ലറ്റേറ്റ് പരിക്കേറ്റ വിദ്യാർത്ഥി സാഹിൽ ലോച്ചാബിന് നീതി വേണമെന്നും കേസ് രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി വേണം ക്രമസമാധാനം പാലിക്കേണ്ടതെന്ന് ഏജൻസി വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക