
മാനസികാരോഗ്യ കേന്ദ്രം എന്ന് കേൾക്കുമ്പോൾ പൊതുജനങ്ങളിൽ ഉണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാൻ ഇത്തരം ചികിത്സാ സ്ഥാപനങ്ങളുടെ പേരുകൾ മാറ്റുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ മൂന്ന് പ്രധാന മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.
വിഷയം കോടതിയുടെ പരിഗണനയ്ക്ക് വന്ന വേളയിൽ അമിക്കസ് ക്യൂറി സത്യശ്രീ പ്രിയയാണ് സ്ഥാപനങ്ങളുടെ പേര് മാറ്റണമെന്ന ആശയം ഉന്നയിച്ചത്. 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ മാനേജ്‌മെന്റ്' എന്ന് പുനർനാമകരണം ചെയ്യാമെന്ന നിർദേശവും അവർ മുന്നോട്ടുവെച്ചു.
എന്നാൽ പ്രത്യേക പേരുകളൊന്നും തങ്ങൾ നിർദേശിക്കുന്നില്ലെന്നും, ഇതുമായി ബന്ധപ്പെട്ട നയപരമായ തീരുമാനം സർക്കാരിന്റെ പരിഗണനയ്ക്ക് വിടുകയാണെന്നും കോടതി വ്യക്തമാക്കി. സമൂഹത്തിൽ നിലനിൽക്കുന്ന മാനസികാരോഗ്യ സംബന്ധിയായ അധമബോധവും ഭയവും മാറ്റാൻ ഇത്തരം പേരുമാറ്റങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ