
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് നഗരത്തില്‍ പിസ്സ ഡെലിവറിക്കിടെ അജ്ഞാതനായ അക്രമിയുടെ വെടിയേറ്റു പഞ്ചാബ് സ്വദേശിയായ യുവാവ് മരിച്ചു. പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ ബെഗോവല്‍ ഗ്രാമത്തില്‍ നിന്നുള്ള ഗുര്‍ദീപ് സിംഗ് (28) ആണ് കൊല്ലപ്പെട്ടത്.
വായ്പയെടുത്താണ് 13 വര്‍ഷം മുമ്പ് ഗുര്‍ദീപ് സിംഗ് അമേരിക്കയിലേക്ക് പോയത്. അമേരിക്കയിലേക്ക് പോകാന്‍ തന്റെ മകന്‍ കനത്ത കടബാധ്യത ഏറ്റെടുത്തിരുന്നുവെന്നും എന്നാല്‍ അവിടെ എത്തിയ ശേഷം ഗുര്‍ദീപ് സിംഗ് ഏറെക്കാലം വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നുവെന്നും പിതാവ് പ്യാര ലാല്‍ പറഞ്ഞു. കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം നല്‍കാന്‍ ഗുര്‍ദീപ് രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്തുവെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. കവര്‍ച്ചക്കിടെയാണ് കൊലപാതകമെന്നാണ് സംശയിക്കുന്നത്.
ഗുര്‍ദീപ് സിംഗിന് പിതാവും ഒരു സഹോദരനുമാണുള്ളത്. മൃതദേഹം എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ, പ്രതികളെ ഉടന്‍ പിടികൂടാനും പരമാവധി കടുത്ത ശിക്ഷ ഉറപ്പാക്കാനും അമേരിക്കന്‍ അധികാരികള്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അനധികൃതമായി ആണ് ഗുര്‍ദീപ് എത്തിയതെങ്കിലും ഇപ്പോൾ വർക്ക് പെർമിറ്റ് ഉണ്ട് എന്നാണ് റിപ്പോർട്ട്.
കൊലപാതകത്തിൽ നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു, സംഭവത്തെ ഒറ്റപ്പെട്ട ഒന്നായി കണക്കാക്കരുതെന്ന് സംഘടന പറഞ്ഞു. 'ഒരു യുവ പഞ്ചാബി അല്ലെങ്കിൽ സിക്കുകാരൻ കൊല്ലപ്പെടുമ്പോഴെല്ലാം ഒരു കുടുംബം നശിപ്പിക്കപ്പെടുന്നു. ആവർത്തിച്ചുള്ള അക്രമം അനുവദിക്കാനാവില്ല,' എൻഎപിഎ എക്സിക്യൂട്ടീവ് ഡയറക്ടർ സത്നം സിംഗ് ചാഹൽ പറഞ്ഞു
കഴിഞ്ഞ ബുധനാഴ്ച (ഓഗസ്റ് 20) ടെന്നസിയിൽ ഗുജറാത്തി ബിസിനസുകാരൻ വെടിയേറ്റ് മരിച്ചതിനു പിന്നാലെയാണ് ഈ ദുരന്തം.
ടെന്നസിയിലെ ജാക്‌സണിൽ സുരേഷ് പർസോത്തംദാസ് പട്ടേലിന്റെ (62) കടയിൽ മുഖംമൂടി ധരിച്ച അക്രമി കയറി, ഡ്രോയറിൽ നിന്ന് പണം കവരുകയും തുടർന്ന് പട്ടേലിനെ വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 19 വയസ്സുള്ള മകൾ നോക്കി നിൽക്കെ ആയിരുന്നു ആക്രമണം.
കഴിഞ്ഞ 30 വർഷമായി യുഎസിൽ താമസിക്കുന്ന പട്ടേൽ, സംഭവത്തിന് ഒരു ആഴ്ച മുമ്പ് ജാക്‌സൺ സിറ്റിയിൽ ഒരു പുതിയ ബിസിനസ്സ് ആരംഭിച്ചിരുന്നു.
ഗുജറാത്തിലെ മെഹ്‌സാനയിലെ ആഖാജ് ഗ്രാമത്തിൽ നിന്നുള്ളയാളാണ് പട്ടേൽ.