Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരീക്ഷിക്കാൻ ബിജെപി

Published on 23 August, 2026
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരീക്ഷിക്കാൻ ബിജെപി

ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’എന്ന ആശയം 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടപ്പാക്കാനുള്ള സാധ്യത പരിശോധിച്ച് ബിജെപി. എൻഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്തുന്നത് സംബന്ധിച്ച് ആലോചന നടക്കുന്നത്.

നിലവിലെ നിയമസഭകളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് അവ പിരിച്ചുവിട്ട് 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നിർദേശത്തിലെ പ്രധാന സാധ്യത. എൻഡിഎയ്ക്ക് അധികാരമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 11 ഇടങ്ങളിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്.

ആന്ധ്രപ്രദേശ്, അരുണാചൽപ്രദേശ്, സിക്കിം, ഒഡിശ എന്നീ നാല് സംസ്ഥാനങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മേഘാലയ, രാജസ്ഥാൻ, ത്രിപുര എന്നിവിടങ്ങളിൽ 2027ലും ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 2029ലുമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

2029ൽ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ ചില നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കേണ്ടിവരും. എൻഡിഎ അടുത്ത രണ്ട് വർഷവും ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ അധികാരം നിലനിർത്തുകയാണെങ്കിൽ 2029 ജനുവരിയോടെ 22 സംസ്ഥാനങ്ങളിലെയും നിയമസഭകൾ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.

അതേസമയം, ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ലുകളും കേന്ദ്രഭരണ പ്രദേശ നിയമഭേദഗതി ബില്ലും പരിശോധിക്കുന്ന സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) വിവിധ സംസ്ഥാനങ്ങളുമായി കൂടിയാലോചന തുടരുകയാണ്. നിലവിലെ ബില്ലുകളിലെ വ്യവസ്ഥകൾ പ്രകാരം രാജ്യത്ത് പൂർണമായും ഒരേസമയം തെരഞ്ഞെടുപ്പ് നടക്കാനുള്ള ആദ്യ അവസരം 2034ലായിരിക്കുമെന്നാണ് വിലയിരുത്തൽ.

എന്നാൽ ഈ സമയക്രമം 2029ലേക്ക് മാറ്റാനുള്ള സാധ്യതയാണ് എൻഡിഎ ഇപ്പോൾ പരിശോധിക്കുന്നത്. എന്നാൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമയക്രമം വ്യത്യസ്തമായതിനാൽ 2029ൽ രാജ്യവ്യാപകമായി ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കൂടുതൽ നിയമപരവും രാഷ്ട്രീയവുമായ ചർച്ചകൾ ആവശ്യമായി വരും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക