
ഇന്ത്യൻ വംശജയായ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാന്താക്രൂസ് വിദ്യാർഥിനി അല്ലി റീനി സിംഗ് (19) കടലിൽ മുങ്ങി മരിച്ചു. അവർ സഞ്ചരിച്ചിരുന്ന കാർ ഓഗസ്റ്റ് 13നു അർധരാത്രി വെസ്റ്റ് ക്ലിഫ് ഡ്രൈവിൽ സ്റ്റീമർ ലെയ്നിൽ നിന്നു വഴുതി പാസിഫിക് സമുദ്രത്തിൽ വീഴുകയായിരുന്നു. ആബട്ട് മെമ്മോറിയൽ ലൈറ്റ് ഹൗസിനടുത്താണ് അപകടം ഉണ്ടായത്.
യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷ വിദ്യാർഥിനി ആയിരുന്ന സിംഗിനോടൊപ്പം ഉണ്ടായിരുന്ന ഒരു പുരുഷൻ രക്ഷപെട്ടെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. സിംഗിനു വേണ്ടി നാലു രക്ഷാപ്രവർത്തകർ കൂരിരുട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും അവരെ രക്ഷിക്കാൻ കഴിഞ്ഞില്ല. കാറിൽ നിന്നു പുറത്തെടുത്തു ട്രോമാ സെന്ററിൽ എത്തിച്ചെങ്കിലും അവർ മരണപ്പെട്ടു.
കാലിഫോർണിയ ഫ്രെസ്നോ കൗണ്ടിയിലെ സെൽമ നിവാസിയായിരുന്ന സിംഗ് യൂണിവേഴ്സിറ്റിയുടെ ജോൺ ആർ. ലെവിസ് കോളജിലാണ് പഠിച്ചിരുന്നത്. 2024ൽ എൻറോൾ ചെയ്ത സിംഗ് മൂന്നാം വർഷത്തിൽ എത്തിയിരുന്നു.
വാഹനം ഓടിച്ചിരുന്നത് ആരാണെന്നു വ്യക്തമല്ല. രക്ഷപെട്ട പുരുഷനാണ് ഓടിച്ചിരുന്നതെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു.
അപകട കാരണം അന്വേഷിക്കുന്ന അധികൃതർ ഇക്കാര്യത്തിൽ ഒന്നും പറഞ്ഞിട്ടില്ല.
സിംഗിന്റെ സംസ്കാരം ഓഗസ്റ്റ് 31നു നടക്കുമെന്നു കുടുംബം അറിയിച്ചു. വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും പ്രതിഫലം കർമങ്ങളിൽ ഉണ്ടാവുമെന്നു കുടുംബ വൃത്തങ്ങൾ പറഞ്ഞു. രാവിലെ സെന്റ് ജോസഫ്സിൽ കുർബാന ഉണ്ടാവും. പിന്നീട് ഇന്ത്യൻ കർമങ്ങൾ നടത്തും. അതിനു ശേഷം ഗുരുദ്വാരയിൽ സംസ്കാരം.
Indian student dies as car plunges into Pacific