
കോട്ടയം: കോട്ടയം മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് തിരുന്നാൾ സെപ്റ്റംബർ ഒന്നുമുതൽ സെപ്റ്റംബർ എട്ടുവരെ. ഒന്നാം തീയതിയാണ് എട്ട് എട്ടുനോമ്പിൻ്റെ തുടക്കം. ആറാം തീയതി പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രദക്ഷിണം (റാസ) നടക്കും. സെപ്റ്റംബർ ഏഴാം തീയതിയാണ് നടതുറക്കുക.
എട്ടുനോമ്പ് തിരുനാൾ പ്രമാണിച്ച് വമ്പിച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണയും ഒരുക്കുന്നത്. ലക്ഷക്കണക്കിനാളുകൾ എത്തുന്നതിനാൽ പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യവകുപ്പ്, ശുചിത്വമിഷൻ, കെഎസ്ഇബി, കെഎസ്ആർടിസി വിഭഗങ്ങളുടെ എല്ലാവിധ സഹായങ്ങളുമുണ്ടാകും.
തിരുന്നാൾ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഒരുക്കങ്ങൾ നടത്താനുള്ള തീരുമാനങ്ങൾ സ്വീകരിച്ചിരുന്നു. കൂടുതൽ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കും. പ്രധാന തിരുനാൾ ദിവസമായ സെപ്റ്റംബർ ആറ് മുതൽ എട്ടുവരെയുള്ള ദിവസങ്ങളിൽ ഷാഡോ പോലീസ് ഉൾപ്പെടെയുള്ള പോലീസിനെ പള്ളിപ്പരസരത്തടക്കം വിന്യസിക്കും. വനിതാ പോലീസിൻ്റെ സാന്നിധ്യം ശക്തമാക്കും.
പള്ളിയങ്കണത്തടക്കം മുഴുവൻ സമയവും പ്രവർത്തിക്കുന്ന പോലീസ് - എക്സൈസ് - റവന്യൂ കൺട്രോൾ റൂമുകൾ തുറക്കും. പെരുനാൾ ആരംഭിക്കുന്നതിന് മുന്നോടിയായി എക്സൈസ് പരിശോധന ശക്തമാക്കും. പോലീസിൻ്റെ പിന്തുണയോടെയാകും എക്സൈസ് പരിശോധന. തിരുനാൾ ദിവസങ്ങളിൽ വൈദ്യുതി ബന്ധം സുഗമമാക്കാൻ കെഎസ്ഇബി ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തും. ആരോഗ്യവകുപ്പിൻ്റെ മേൽനോട്ടത്തിൽ മെഡിക്കൽ സംഘം പ്രവർത്തിക്കും. ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കും.