
കാസർകോട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന വിഷയത്തിൽ കേന്ദ്രത്തിൻ്റെ നീക്കത്തിനെതിരെ നിരാഹാര സമരം നടത്തുമെന്ന് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. മംഗളൂരു ഉൾപ്പെടെയുള്ള സ്‌റ്റേഷനുകൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള കേന്ദ്രത്തിൻ്റെ നീക്കത്തിനെതിരെ തിരുവോണ ദിവസം രാവിലെ ഒൻപതുമണി മുതൽ വൈകിട്ട് ആറ് മണിവരെ സമരം നടത്തുമെന്ന് എംപിമാരായ രാജ്മോഹൻ ഉണ്ണിത്താനും വി കെ ശ്രീകണ്‌ഠനും അറിയിച്ചു.
പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിൻ്റെ സമീപകാല തീരുമാനം കേരളത്തിൽ വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായതിന് പിന്നാലെയാണ് നീക്കം.
കർണാടക അതിർത്തിയോട് ചേർന്നുള്ള തൻ്റെ മണ്ഡലത്തിലെ ജനങ്ങളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും ഈ നീക്കത്തെ ശക്തമായി എതിർക്കുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും റെയിൽവേ മന്ത്രിക്ക് മെയിൽ അയച്ചിട്ടുണ്ടെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. കേരളത്തിൽ നിന്നുള്ള എംപിമാർ ഈ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പരമ്പരാഗതമായ ഓണ സന്ദേശം. ആയതിനാൽ ബിജെപി സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ തിരുവോണ ദിവസം തന്നെ രാവിലെ ഒൻപതുമണി മുതൽ വൈകുന്നേരം ആറ് മണി വരെ പാലക്കാട് ഡിവിഷണൽ കൊമേർഷ്യൽ സൂപ്രണ്ട് ഓഫിസിന് മുന്നിൽ നിരാഹാര സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രതിഷേധത്തിൻ്റെ ആദ്യ ഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ഘട്ടത്തിലെ പ്രതിഷേധം ഫലം കണ്ടില്ലെങ്കിൽ കേരളത്തിലെ എല്ലാ എംപിമാരും ഡൽഹിയിലേയ്‌ക്ക് മാർച്ച് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധത്തിൻ്റെ രണ്ടാം ഘട്ടം പിന്നീട് തീരുമാനിക്കുമെന്നും എംപി സൂചിപ്പിച്ചു.
അതേസമയം, റെയിൽവേ മന്ത്രിക്ക് ഈ നീക്കത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് അവകാശപ്പെടുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ചെന്നൈ റെയിൽവേയ്‌ക്കും ജിഎമ്മിനും ഇക്കാര്യം അറിയില്ലായിരുന്നു. പിന്നെ ആരാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതും തീരുമാനം എടുത്തതും. ഡിവിഷൻ വിഭജനം അറിഞ്ഞില്ലെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്. മന്ത്രി അറിഞ്ഞില്ലെങ്കിൽ അദ്ദേഹം ഈ പണിക്ക് കൊള്ളാത്തവനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര റെയിൽവേ മന്ത്രി ഈ നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.