
മുംബൈ: ഭുലേശ്വർരാജാ ഉത്സവത്തോടനുബന്ധിച്ച് ആഗമ ഘോഷയാത്രയ്‌ക്കിടെ ഗണേശ വിഗ്രഹം തകർന്നുവീണ് രണ്ട് പേർ മരിച്ചു. മുംബൈ സ്വദേശികളായ സങ്കേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. സംഭവത്തിൽ ചെറിയ കുട്ടികൾ ഉൾപ്പെടെ അഞ്ചോളം പേർക്ക് പരിക്കേറ്റു. ഏകദേശം 22 അടി ഉയരമുള്ള ഗണേശ വിഗ്രഹമാണ് ഘോഷയാത്രയ്‌ക്കിടെ ജനങ്ങൾക്കിടയിലേക്ക് തകർന്നുവീണ് ദാരുണമായ അപകടം ഉണ്ടായത്.
ശനിയാഴ്‌ച രാത്രി മുംബൈയിലെ ഭുലേശ്വർ പ്രദേശത്താണ് ദൗർഭാഗ്യകരമായ സംഭവം നടന്നത്. ബൈക്കുല്ലയിലെ അനികേത് ദേശായിയുടെ വർക്ക് ഷോപ്പിൽ നിന്നാണ് ശനിയാഴ്‌ച വൈകുന്നേരം ഗണേശ വിഗ്രഹം ക്രെയിനിലൂടെ വജ്ജത്ഗജത് ഭുലേശ്വറിലെ പവലിയനിലേക്ക് കൊണ്ടുപോയത്. ചടങ്ങുകൾ നടക്കുന്ന പന്തലിലേക്ക് എത്തുന്നതിന് 50 മീറ്റർ മുൻപ് വിഗ്രഹം റോഡിലേക്ക് പതിക്കുകയായിരുന്നു.
അപകടം നടന്നയുടൻ മുംബൈ അഗ്നിരക്ഷാസേന, മുംബൈ പൊലീസ്, ട്രാഫിക് പൊലീസ്, ആംബുലൻസ് വിഭാഗം, സിവിക് വാർഡ് ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അഞ്ചുപേർ ചികിത്സയിൽ തുടരുന്നു.