Image

സ്ത്രീകൾ ആരുടെയും സ്വത്തല്ല, അവർ ആരുടെയും കീഴിലല്ല, അവർ അവരുടേത് മാത്രമാണ്; മനുസ്മൃതിയിലെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Published on 22 August, 2026
സ്ത്രീകൾ ആരുടെയും സ്വത്തല്ല, അവർ ആരുടെയും കീഴിലല്ല, അവർ അവരുടേത് മാത്രമാണ്; മനുസ്മൃതിയിലെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി


രാജ്യത്തെ സ്ത്രീകൾ അച്ഛന്റെയോ ഭർത്താവിന്റെയോ മകന്റെയോ ഉടമസ്ഥതയിലുള്ളവരല്ലെന്നും സ്ത്രീയുടെ വ്യക്തിത്വം കുടുംബബന്ധങ്ങളുടെ പേരിൽ മാത്രം നിർവചിക്കപ്പെടേണ്ടതല്ലെന്നും ശക്തമായ നിലപാടുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്ത്രീകൾ അവരുടേത് മാത്രമാണ് , മഹാരാഷ്ട്രയിലെ പൂനെയിൽ സംഘടിപ്പിച്ച 'ഛാത്രോം കീ ഗൂഞ്ച്' വിദ്യാർത്ഥി സംവാദ പരിപാടിയിൽ സംസാരിക്കവെയാണ് മനുസ്മൃതിയിലെ സ്ത്രീവിരുദ്ധ സങ്കൽപ്പങ്ങളെ കടുപ്പമേറിയ ഭാഷയിൽ അദ്ദേഹം വിമർശിച്ചത്.

‘’സ്ത്രീകൾ കുട്ടിക്കാലത്ത് അച്ഛന്റെയും, യൗവനത്തിൽ ഭർത്താവിന്റെയും, വാർദ്ധക്യത്തിൽ മക്കളുടെയും സംരക്ഷണത്തിലോ ആധിപത്യത്തിലോ കഴിയണമെന്നും അവർക്ക് സ്വതന്ത്ര നിലനിൽപ്പ് പാടില്ലെന്നുമുള്ള മനുസ്മൃതിയിലെ വരികൾ നാണംകെട്ടതാണ്. ഇങ്ങനെയൊരു ആശയം ഒരിക്കലും ഉയർന്നു വരാൻ പാടില്ലായിരുന്നു." രാഹുൽ ഗാന്ധി പറഞ്ഞു

ഇന്ത്യയിലെ 70 കോടി വരുന്ന സ്ത്രീകളുടെ കഴിവുകളും സ്വപ്നങ്ങളുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. മകൾ, സഹോദരി, ഭാര്യ, അമ്മ എന്നീ കുടുംബ ബന്ധങ്ങൾക്ക് അതീതമായി ഓരോ സ്ത്രീക്കും തന്റേതായ വ്യക്തിത്വവും ലക്ഷ്യങ്ങളുമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സ്ത്രീകൾ സ്വന്തം നിലപാടിനായി നിലകൊള്ളുകയും സ്വന്തം കഴിവുകളിൽ വിശ്വസിക്കുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്ത്രീകൾക്ക് പിതാവ്, സഹോദരൻ, ഭർത്താവ്, മകൻ തുടങ്ങിയവരുമായി ബന്ധങ്ങളുണ്ടാകാമെങ്കിലും അവർ ആരുടെയും കീഴിലുള്ളവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മകൾ, ഭാര്യ, അമ്മ എന്നീ മൂന്ന് ബന്ധങ്ങളിലേക്ക് മാത്രം സ്ത്രീകളുടെ വ്യക്തിത്വം ചുരുക്കപ്പെടുന്ന സാഹചര്യം മാറണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രഫഷണലുകളും കായികതാരങ്ങളുമായി വിവിധ മേഖലകളിൽ സ്ത്രീകൾ സജീവമാണെങ്കിലും പലപ്പോഴും അവരുടെ സ്വത്വം പുരുഷന്മാരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് നിർണയിക്കപ്പെടുന്നത്. പരമ്പരാഗത സാമൂഹിക വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ് സ്വന്തം സവിശേഷമായ സ്വപ്നങ്ങളുടെയും കഴിവുകളുടെയും അടിസ്ഥാനത്തിൽ സ്ത്രീകൾ  സ്വതന്ത്രമായ വ്യക്തിത്വം ഉറപ്പാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക