Image

ഗുരുവായൂരില്‍ നാളെ 437 വിവാഹങ്ങള്‍!; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 22 August, 2026
ഗുരുവായൂരില്‍  നാളെ  437 വിവാഹങ്ങള്‍!; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗുരുവായൂർ :  ഗുരുവായൂരിൽ നാളെ കല്യാണമേളം. ചിങ്ങമാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായ 23ന് ഇതിനകം 437 വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ നാലുമണി മുതല്‍ വിവാഹങ്ങള്‍ നടത്താന്‍ സജ്ജീകരണങ്ങളായി. ഇതുവരെ ഓഗസ്റ്റ്  30 ന് 342 ഉം സെപ്തംബർ 13ന് 328 ഉം വിവാഹങ്ങൾ ബുക്ക്‌ ചെയ്തിട്ടുണ്ട്‌.

 2024 ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായിരുന്ന സെപ്തംബർ 8നാണ്‌ ഇതിനുമുമ്പത്തെ റെക്കോർഡ്. അന്ന് നടന്നത് 334 വിവാഹങ്ങളായിരുന്നു. വിവാഹത്തിന് പുറമെ ദർശനത്തിനും കുട്ടികളുടെ ചോറൂണിനും തുലാഭാരത്തിനുമായി എത്തുന്നവരുടെ തിരക്കുകൂടിയാകുന്നതോടെ വൻ ജനാവലിയായിരിക്കും ഗുരുവായൂരിലെത്തുകയെന്ന് ഉറപ്പായി.

തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സമയബന്ധിതമായി പൂർത്തിയാക്കാൻ 23, 30, സെപ്‌തംബർ 13 തീയതികളിൽ പുലർച്ചെ നാലു മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 6 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവഹിക്കാൻ ക്ഷേത്രം കോയ്മമാരെ വിവാഹ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. മണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രം കിഴക്കേ നട പൂർണമായും വൺവേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ആളുകളെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക