
Image: AI generated
പ്രായമായ അമ്മ തങ്ങൾക്കൊപ്പം താമസിക്കുമെന്ന യുവാവിന്റെ സംഭാഷണത്തിനൊടുവിൽ വിവാഹാലോചന വേണ്ടെന്നുവെച്ച യുവതിയുടെ തീരുമാനം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു.
വിവാഹശേഷം തന്റെ അമ്മ തങ്ങളോടൊപ്പം താമസിക്കുമെന്ന് യുവാവ് അറിയിച്ചതോടെയാണ് താൻ വിവാഹാലോചന നിരസിച്ചതെന്ന് ‘എക്സ്’ ഉപയോക്താവ് @miacluv പങ്കുവെച്ചതോടെയാണ് ചർച്ചയ്ക്ക് തുടക്കമായത്. “അമ്മയ്ക്ക് പ്രായമായി. പിന്നെ ഞാൻ എന്താണ് ചെയ്യേണ്ടത്?” എന്നാണ് യുവാവ് ചോദിച്ചതെന്ന് യുവതി പറയുന്നു.
അമ്മയെ പരിചരിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ ആ ഉത്തരവാദിത്തം സ്വാഭാവികമായി താൻ ഏറ്റെടുക്കുമെന്ന പ്രതീക്ഷയോടാണ് വിയോജിപ്പെന്നും യുവതി വ്യക്തമാക്കി.
‘’നിങ്ങൾ അമ്മയെ നോക്കിക്കോളൂ. എന്നാൽ, ഞാൻ എടുക്കാത്ത ഒരു തീരുമാനത്തിന്റെ ഉത്തരവാദിത്തം എന്റെ മേൽ ചുമത്തരുത്,” എന്ന് താൻ മറുപടി നൽകിയതായി യുവതി കുറിച്ചു.
തുടർന്ന് യുവാവ് തന്നെ ‘സ്വാർത്ഥ’യെന്ന് വിശേഷിപ്പിച്ചതായും അവർ പറഞ്ഞു. വിവാഹത്തിലേക്ക് കടക്കുമ്പോൾ മുൻകൂട്ടി ചർച്ച ചെയ്യുകയോ പരസ്പരം സമ്മതിക്കുകയോ ചെയ്യാത്ത ഉത്തരവാദിത്തങ്ങൾ സ്വാഭാവികമായി ഏറ്റെടുക്കേണ്ടി വരുമെന്ന് കരുതാനാകില്ലെന്നും യുവതി വാദിച്ചു.
“ഒരുപക്ഷേ അങ്ങനെയായിരിക്കാം. എന്നാൽ, സമ്മതിക്കാത്ത ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതല്ല വിവാഹം,” എന്നായിരുന്നു യുവതിയുടെ പ്രതികരണം. “എല്ലാ നല്ല മകനും നല്ല ഭർത്താവായിരിക്കണമെന്നില്ല,” എന്നും അവർ കൂട്ടിച്ചേർത്തു.
യുവതിയുടെ പോസ്റ്റിന് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വ്യക്തിപരമായ അതിരുകൾ സംരക്ഷിക്കാനുള്ള അവകാശമാണോ യുവതി ഉന്നയിച്ചതെന്നും, അതോ വിവാഹജീവിതത്തിൽ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽനിന്നുള്ള വിമുഖതയാണോ എന്നതിലും ഉപയോക്താക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു.
യുവതിയുടെ തീരുമാനത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
“നിങ്ങൾ ഒരു മോശം ഭർത്താവിനെയല്ല നിരസിച്ചത്. മറിച്ച്, വിവാഹത്തിന് മുമ്പേ തന്നെ നിലനിന്നിരുന്ന ഒരു ഉത്തരവാദിത്തം ഉപേക്ഷിക്കാൻ തയ്യാറാകാതിരുന്ന ഒരാളെയാണ് ഒഴിവാക്കിയത്,” എന്നായിരുന്നു ഒരു ഉപയോക്താവ് യുവതിയുടെ നിലപാടിനെ വിമർശിച്ച് കുറിച്ചത്.
മറ്റൊരു ഉപയോക്താവ് വിഷയത്തെ കൂടുതൽ വിശാലമായ കാഴ്ചപ്പാടിൽ സമീപിച്ചു. “വിവാഹത്തിൽ യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ താൽപര്യമില്ലെങ്കിൽ സ്ത്രീകളും വിവാഹപൂർവ കരാറിൽ ഏർപ്പെടണം. എന്നാൽ വിവാഹം എന്താണെന്നതിനെക്കുറിച്ചുള്ള ധാരണയുടെ അഭാവമാണ് ഈ നിലപാട് സൂചിപ്പിക്കുന്നത്,” എന്നായിരുന്നു പ്രതികരണം.