Image

മംഗളൂരു റെയിൽവേ മേഖല പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റിയത് ഏകപക്ഷീയമായി : കേന്ദ്രത്തിനെതിരെ വി.ഡി.സതീശൻ

Published on 22 August, 2026
മംഗളൂരു റെയിൽവേ മേഖല പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റിയത്  ഏകപക്ഷീയമായി : കേന്ദ്രത്തിനെതിരെ  വി.ഡി.സതീശൻ

മംഗളൂരു ഉൾപ്പെടെയുള്ള കർണാടകയിലെ റെയിൽവേ മേഖല പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റി മൈസൂരു ഡിവിഷനിൽ ലയിപ്പിക്കാനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം കേരളത്തിന് തിരിച്ചടിയാകുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

പാലക്കാട് ഡിവിഷന് കീഴിലെ ഉള്ളാൾ മുതൽ മംഗളൂരു വരെയുള്ള മേഖല സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനം. ഒക്ടോബർ ഒന്നുമുതൽ പുതിയ സംവിധാനം നിലവിൽ വരും.

കേരളവുമായി ചർച്ച നടത്താതെയാണ് തീരുമാനമെടുത്തതെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിമർശനം. മംഗളൂരു ജംഗ്ഷൻ ഉൾപ്പെടെയുള്ള പ്രധാന മേഖല ഒഴിവാകുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുമെന്നും ഇത് ഡിവിഷന്റെ വികസനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള എംപിമാരുടെ സഹകരണത്തോടെ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതിന് കർണാടകയിലെ ബിജെപി നേതാക്കളുടെ ഇടപെടലുണ്ടായിരുന്നുവെന്ന അവകാശവാദങ്ങളും ശക്തമാണ്. കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ, 2024 ജൂലൈയിൽ മംഗളൂരു സന്ദർശിച്ചപ്പോൾ പ്രദേശവാസികൾ ഈ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും അതിന്റെ തുടർച്ചയായാണ് തീരുമാനം യാഥാർഥ്യമായതെന്നും വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക