
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. പിണറായി വിജയന്‍ ഇത്തരത്തില്‍ പറയുമെന്ന് വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐഎമ്മിനാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ലെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു. തര്‍ക്ക വിഷയങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും സ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കുമെന്നും പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപനേതാവിനെ സംബന്ധിച്ച കത്ത് നല്‍കേണ്ടത് താനാണെന്നും കത്തില്‍ സിപിഐഎം നേതാവിന്റെ പേരായിരിക്കുമെന്നും പിണറായി പറഞ്ഞിരുന്നു. അതേസമയം, പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ പാര്‍ലമെന്ററി യോഗങ്ങളോ കമ്മിറ്റികളോ എല്‍ഡിഎഫിന്റേതായി ഉണ്ടാകില്ലെന്നും അത്തരത്തിലുള്ള സംവിധാനങ്ങള്‍ വേണമെങ്കില്‍ സിപിഐയുടെ ആവശ്യം പരിഗണിക്കേണ്ടിവരുമെന്നും ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.