
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളി പുന്നമടക്കായലിൽ മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്‌തു. സഹകരണ എക്സൈസ് മന്ത്രി എം. ലിജു ചടങ്ങിൽ അധ്യക്ഷനായി. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ആണ് ഇത്തവണ മുഖ്യാതിഥി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്‌തു. ടൂറിസം വകുപ്പ് മന്ത്രി പിസി വിഷ്‌ണുനാഥ് പതാക ഉയർത്തിയതോടെ വള്ളം കളിയ്‌ക്ക് ഔദ്യോഗിക തുടക്കമായി.
മുഖ്യപ്രഭാഷണവും സ്‌മരണിക പ്രകാശനവും കെസി വേണുഗോപാൽ എംപി നിർവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി മാധ്യമ അവാർഡുകൾ വിതരണം ചെയ്യും. ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ വിശിഷ്‌ടാതിഥികൾക്കുള്ള മൊമെൻ്റോകൾ വിതരണം ചെയ്യും. എംഎൽഎമാരായ എഡി തോമസ്, ജി സുധാകരൻ, റെജി ചെറിയാൻ, പി പ്രസാദ്, സജി ചെറിയാൻ, എംഎസ് അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ മഹേന്ദ്രൻ, നഗരസഭാ അധ്യക്ഷ മോളി ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വിജയികൾക്കുള്ള സമ്മാനദാനം കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ ആണ് നിർവഹിക്കുക. ജില്ലാ കലക്‌ടറും എൻടിബി ആർ സൊസൈറ്റി ചെയർമാനുമായ ഷാജി വി നായർ സ്വാഗതവും എൻടിബി ആർ സെക്രട്ടറിയും ആർഡിഒ യുമായ ജെ മോബി നന്ദിയും പറയും.
പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൻ്റെ വിവിധ വിഭാഗങ്ങളിലായി ഇക്കുറി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങൾ. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.
22ന് രാവിലെ 11-ന് മത്സരങ്ങൾ ആരംഭിച്ചു. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ആറ് ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സുകളിൽ നാല് വീതം വള്ളങ്ങളും അഞ്ച്, ആറ് ഹീറ്റ്‌സുകളിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക.
മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. സമയക്രമം പൊതുജനത്തിന് കാണാനാവുംവിധം സ്‌ക്രീനിൽ പ്രദർശിപ്പിക്കും.