Image

വിവാദ നാടകം 'മിസ' ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിൽ വീണ്ടും അവതരിപ്പിക്കും

Published on 21 August, 2026
വിവാദ നാടകം 'മിസ' ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിൽ വീണ്ടും അവതരിപ്പിക്കും

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ചതിലൂടെ വിവാദമായ 'മിസ' എന്ന നാടകം സംസ്ഥാന സമ്മേളന വേദിയിലും അവതരിപ്പിക്കാൻ തീരുമാനം. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം അറിയിച്ചത്. 2026 ആഗസ്റ്റ് 22 വൈകുന്നേരമാകും നാടകം അവതരിപ്പിക്കുക.

കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്ററിന്റെ 'മിസ' എന്ന നാടകത്തിലെ ചില രംഗങ്ങളും വേഷവിധാനവും സോഷ്യൽ മീഡിയയിൽ വിമർശനത്തിനും വിവാദത്തിനും വഴിവെച്ചിരുന്നു. നാടകത്തിലെ ഒരു ചെറിയ ഭാഗം മാത്രം അടർത്തിയെടുത്ത് അസഭ്യമായ രീതിയിൽ പ്രചരിപ്പിക്കുന്നു എന്നാണ് അണിയറപ്രവർത്തകരുടെ ആരോപണം.

1975-ലെ അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട പീഡനത്തിന് ഇരയായ എഴുത്തുകാരിയും നാടകപ്രവർത്തകയുമായ സ്നേഹലത റെഡ്ഡിയുടെ ജീവിതമാണ് 'മിസ' നാടകം പറയുന്നത്. കരിമ്പിൻ തോട്ടങ്ങളിലും ഫാക്ടറികളിലും ചൂഷണം നേരിടുന്ന സ്ത്രീ തൊഴിലാളികളിൽ തുടങ്ങി, അടിയന്തരാവസ്ഥ മുതൽ ഇക്കാലം വരെയുള്ള ഭരണകൂട ഭീകരതകളെയാണ് നാടകം ചോദ്യം ചെയ്യുന്നത്.

നാടകത്തിലെ നടിയുടെ വസ്ത്രധാരണവും ചില രംഗങ്ങളും സദാചാരത്തിന് നിരക്കുന്നതല്ലെന്ന ആരോപണവുമായി സമൂഹ മാധ്യമങ്ങളിൽ ചിലർ രംഗത്തു വന്നു. രാഷ്ട്രീയ എതിരാളികൾ ഇത് വ്യാപകമായി പ്രചരിപ്പിച്ചു.

നാടകത്തിന്റെ രാഷ്ട്രിയം മനസ്സിലാക്കാത്തവരാണ് വിമർശനം ഉന്നയിക്കുന്നതെന്നും, അടിയന്തരാവസ്ഥയുടെയും ഭരണകൂട പീഡനങ്ങളുടെയും തീഷ്ണമായ ചരിത്രമാണ് നാടകം പറയുന്നതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും നാടകപ്രവർത്തകയായ ചിന്നൂസ് ചിലങ്കയും വ്യക്തമാക്കി. കലാവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അവർ പ്രതികരിച്ചു. 

നാടകത്തെ പിന്തുണച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവും രംഗത്തുവന്നിരുന്നു.ഇതേസമയം 'മിസ' നാടകത്തിൻ്റെ ദൃശ്യങ്ങൾ വെട്ടിയെടുത്ത് സമൂഹമാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഡിവൈഎഫ്ഐ. നാടകത്തിൻ്റെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് സദാചാര ആക്രമണം നടത്തുന്നതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വ്യക്തമാക്കി.

നാടകത്തിൻ്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കാത്തവരാണ് വിമർശനങ്ങളുമായി രംഗത്തെത്തുന്നതെന്ന് വി.കെ സനോജ് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് കലാകാരിയായ സ്നേഹലത റെഡ്ഡി നേരിട്ട ഭരണകൂട പീഡനമാണ് നാടകം അവതരിപ്പിക്കുന്നത്. ജീവിതയാഥാർഥ്യങ്ങളെ വേദിയിൽ അവതരിപ്പിക്കുമ്പോൾ സദാചാരത്തിൻ്റെ കണ്ണിലൂടെ ഡിവൈഎഫ്ഐയെ ആക്രമിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് മറുപടിയായി നാടകം പൊതുസമ്മേളന വേദിയിൽ വീണ്ടും പ്രദർശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക