Image

യെമൻ-സൊമാലിയ തീരത്ത് കടൽക്കൊള്ളക്കാർ രണ്ട് കപ്പലുകൾ റാഞ്ചി; കപ്പലുകളിലുള്ളത് 22 ഇന്ത്യക്കാർ

Published on 21 August, 2026
യെമൻ-സൊമാലിയ തീരത്ത് കടൽക്കൊള്ളക്കാർ രണ്ട്  കപ്പലുകൾ റാഞ്ചി;  കപ്പലുകളിലുള്ളത്  22 ഇന്ത്യക്കാർ

ഡൽഹി: യെമൻ, സൊമാലിയ തീരങ്ങൾക്ക് സമീപം സായുധ കടൽക്കൊള്ളക്കാർ രണ്ട് കപ്പലുകൾ റാഞ്ചി. രണ്ട് കപ്പലുകളിലുമായി ഇന്ത്യക്കാരായ 22 നാവികരുണ്ടെന്നും ഇവരെല്ലാം നിലവിൽ സുരക്ഷിതരാണെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. കപ്പൽ കമ്പനികൾ ഇന്ത്യൻ സർക്കാരുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

എറിത്രിയൻ പതാകയുള്ള എണ്ണ ടാങ്കറായ സിബു 1, കാമറൂൺ പതാകയുള്ള ജനറൽ കാർഗോ കപ്പലായ ലുതുഫ് എന്നിവയാണ് തട്ടിയെടുത്തത്. വ്യാഴാഴ്ച യെമൻ തീരത്തിനടുത്തുള്ള ഏദൻ ഉൾക്കടലിൽവച്ചാണ് സിബു 1 പിടിച്ചെടുത്തത്. ഓഗസ്റ്റ് 17 തിങ്കളാഴ്ച സൊമാലിയ തീരത്തുവച്ചാണ് ലുതുഫ് സായുധർ തട്ടിയെടുത്തത്.

ആകെ 20 നാവികരാണ് സിബു 1-ൽ ഉള്ളത്. ഇതിൽ 16 പേരും ഇന്ത്യക്കാരാണ്. ലുതുഫിൽ 10 പേരിൽ ആറു പേർ ഇന്ത്യൻ നാവികരാണ്. തുർക്കിയുടെ ആയുധങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ, സാറ്റലൈറ്റ് ഉപകരണങ്ങൾ എന്നിവയാണ് ലുതുഫിൽ ഉണ്ടായിരുന്നത്. ഇറാനിയൻ പെട്രോളിയം വ്യാപാരത്തിൽ പങ്കാളിത്തമുണ്ടെന്ന ആരോപണത്തെ തുടർന്ന്, മുമ്പ് സീഗൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സിബു 1 ന് അമേരിക്ക 2025 ഡിസംബറിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

വെള്ളിയാഴ്ച വരെ രണ്ടു കപ്പലുകളുടെയും ലൊക്കേഷൻ സിഗ്നലുകൾ ലഭിച്ചിരുന്നില്ല. കപ്പലുകളുടെ സ്ഥാനം കണ്ടെത്തുന്നതിനുള്ള ട്രാൻസ്പോണ്ടറുകൾ കടൽക്കൊള്ളക്കാർ ഓഫ് ചെയ്തിരിക്കാമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ഗൾഫ് മേഖലയിലെ സംഘർഷം പശ്ചിമേഷ്യ-വടക്കൻ ആഫ്രിക്ക മേഖലയിലെ സമുദ്രസുരക്ഷയ്ക്ക് ഭീഷണി വർധിപ്പിച്ചിരിക്കുന്നതിനിടെ, കടൽക്കൊള്ളയുമായി ബന്ധപ്പെട്ട സുരക്ഷാ സംഭവങ്ങളും വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക