
എറണാകുളം: ഓണ വിപണി സജീവമായതോടെ കൊച്ചി നഗരത്തിലെ ഗതാഗത രംഗത്ത് വൻ കുതിപ്പുമായി കൊച്ചി മെട്രോ. ആഘോഷത്തോടനുബന്ധിച്ച് ഷോപ്പിങ്ങിനും മറ്റുമായി നഗരത്തിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ പ്രധാന യാത്രാമാർഗമായി മെട്രോയെ ആശ്രയിക്കാൻ തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 16 ഞായറാഴ്‌ച മുതൽ 20 വ്യാഴാഴ്‌ച വരെയുള്ള അഞ്ച് ദിവസത്തിനിടെ മാത്രം ആറ് ലക്ഷത്തിലധികം ആളുകളാണ് മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്തത്. കൃത്യമായി 6,05,772 പേരാണ് ഈ ചുരുങ്ങിയ ദിവസങ്ങളിൽ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയത്. റോഡുകളിലെ കടുത്ത ഗതാഗതക്കുരുക്കിൽപ്പെടാതെ ഏറ്റവും വേഗത്തിലും കൃത്യ സമയത്തും സുരക്ഷിതമായും ലക്ഷ്യസ്ഥാനങ്ങളിൽ എത്തുവാൻ സാധിക്കുന്നു എന്നത് തന്നെയാണ് കൂടുതൽ ആളുകളെ മെട്രോയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.
അഞ്ച് ദിവസത്തെ വിശദമായ കണക്കുകൾ പരിശോധിക്കുമ്പോൾ ഓഗസ്റ്റ് 16-ാം തീയതി 1,05,829 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. തുടർന്ന് വന്ന ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായി. ഓഗസ്റ്റ് 17-ന് 1,26,043 പേരും, ഓഗസ്റ്റ് 18-ന് 1,24,018 പേരും മെട്രോയിൽ സഞ്ചരിച്ചു. ഓഗസ്റ്റ് 19-ന് 1,21,931 ആളുകൾ യാത്ര ചെയ്തപ്പോൾ ഓഗസ്റ്റ് 20 വ്യാഴാഴ്‌ച യാത്രക്കാരുടെ എണ്ണം 1,27,951 ആയി ഉയർന്നു. പ്രധാന വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിങ് മാളുകളും റെയിൽവേ സ്റ്റേഷനുകളും സ്ഥിതി ചെയ്യുന്ന ആലുവ, ഇടപ്പള്ളി, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് യാത്രക്കാരുടെ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ടത്.
ഓണത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്ക് ഇനിയും വർധിക്കാൻ സാധ്യതയുള്ളതിനാൽ ശനിയാഴ്ച (ഓഗസ്റ്റ് 22) മുതൽ പ്രത്യേക അധിക ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) തീരുമാനിച്ചു. ഓഗസ്റ്റ് 22, 24, 25 തീയതികളിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ തിരക്കുള്ള സമയങ്ങളിൽ 6.45 മിനിറ്റ് ഇടവേളകളിൽ 4 അധിക സർവീസുകൾ നടത്തും.
ഓഗസ്റ്റ് 23 ഞായറാഴ്ച രണ്ട് ട്രെയിനുകൾ അധികമായി സർവീസിന് ഇറക്കും. അന്ന് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി ഏഴ് മണി വരെ 13 മിനിറ്റ് ഇടവേളകളിൽ എട്ട് അധിക ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ യാത്രക്കാരുടെ അടിയന്തര തിരക്ക് നേരിടാൻ ആവശ്യമായി വന്നാൽ ഉടൻ ഉപയോഗിക്കാൻ പാകത്തിൽ ഒരു അധിക ട്രെയിൻ കൂടി സജ്ജമാക്കി നിർത്തുമെന്നും കെഎംആർഎൽ അധികൃതർ വ്യക്തമാക്കി.