
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്ന അഭിമന്യു വധക്കേസിൽ സാക്ഷി വിസ്താരം ഒക്ടോബറിൽ ആരംഭിക്കും. ഡിസംബർ 6-നകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണിത്. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ഒക്ടോബർ 15 മുതൽ 17 ദിവസങ്ങളിലായി സാക്ഷി വിസ്താരം നടത്താൻ ഉത്തരവിട്ടത്. എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നത്.
ആകെ 26 പ്രതികളുള്ള കേസിൽ ആദ്യ ഘട്ടത്തിൽ ആദ്യ 16 പ്രതികൾക്കെതിരെയുള്ള വിചാരണയാണ് നടക്കുക. ഇവർക്കെതിരെയുള്ള കുറ്റപത്രമാണ് നിലവിൽ സമർപ്പിച്ചിട്ടുള്ളത്. 2018 ജൂലൈ 2-നാണ് മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യു പോപ്പുലർ ഫ്രണ്ട് – ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ക്രൂര കൊലപാതകത്തിന് ഇരയായത്.
അക്രമികളിൽ ഒരാൾ അഭിമന്യുവിനെ പിടിച്ചുനിർത്തുകയും, പനങ്ങാട് സ്വദേശിയായ സഹൽ നെഞ്ചിലേക്ക് കത്തി കുത്തിക്കയറ്റുകയുമായിരുന്നു. തുടർന്ന് 2018 സെപ്റ്റംബറിലാണ് 16 ക്യാമ്പസ് ഫ്രണ്ട് – എസ്.ഡി.പി.ഐ. പ്രവർത്തകരെ പ്രതികളാക്കി പോലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്. നിലവിലെ ഹൈക്കോടതി ഉത്തരവ് പ്രകാരം നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കാനാണ് കോടതിയുടെ നടപടികൾ പുരോഗമിക്കുന്നത്.