
ന്യൂഡല്‍ഹി: ജൂലൈ 20ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയേയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റ ആളെയും കൂട്ടിയാണ് രാഹുല്‍ ഗാന്ധി എത്തിയത്.ഡിസിപിയുമായി കൂടിക്കാഴ്ച നടത്തി. പെല്ലറ്റ് ഗണ്‍ പ്രയോഗിച്ച പോലീസിനെതിരേ പരാതി കൊടുക്കാനായിരുന്നു നീക്കം. എന്നാല്‍ കേസെടുക്കാന്‍ പോലീസ് തയ്യാറാകാതിരുന്നതോടെ സ്റ്റേഷന് മുന്നില്‍ രാഹുല്‍ ധര്‍ണ ആരംഭിച്ചു.
സഞ്ജീവ് എന്നയാളെ കൂട്ടിയാണ് രാഹുല്‍ എത്തിയത്. പെല്ലറ്റ് ഗണ്‍ പ്രയോഗത്തെ തുടര്‍ന്ന് പരിക്കേറ്റ ഇയാള്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. നേരത്തെ പരാതി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി സഞ്ജീവിനൊപ്പം പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിയത്. നേരത്തെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി ഡിസിപിയുമായി ചര്‍ച്ച നടത്തിയത്.എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെങ്കില്‍പോലീസ് സ്റ്റേഷനില്‍ തുടരുമെന്ന്രാഹുല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
ജന്തര്‍ മന്തറിലെ പോലീസ് നടപടിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതേസമയം ജന്തര്‍ മന്തറിലും പാര്‍ലമെന്റ് മാര്‍ച്ചിലും പ്രതിഷേധക്കാര്‍ക്ക് നേരെ നടപടിയുണ്ടായിട്ടില്ലെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ വാദം.