Image

ഗണേഷ് കുമാര്‍ വ്യക്തിശുദ്ധി ഇല്ലാത്ത 'പരനാറി', ഷംസീറിന് ലീഗ് മനസ്- വെള്ളാപ്പള്ളി നടേശന്‍

Published on 21 August, 2026
 ഗണേഷ് കുമാര്‍ വ്യക്തിശുദ്ധി ഇല്ലാത്ത 'പരനാറി', ഷംസീറിന് ലീഗ് മനസ്- വെള്ളാപ്പള്ളി നടേശന്‍


ആലപ്പുഴ: മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും ഇടതുപക്ഷ സര്‍ക്കാരിനുമെതിരെ കടുത്ത ആക്ഷേപങ്ങളുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.  ഗണേഷ് കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത ആളാണെന്നും ഉമ്മന്‍ ചാണ്ടിയെ ചതിച്ചതിനാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എസ്.എന്‍. ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കെ.ബി. ഗണേഷ് കുമാര്‍ ഒരു 'പരനാറി' ആണെന്നും ജീവിതത്തില്‍ യാതൊരുവിധ വ്യക്തിശുദ്ധിയുമില്ലാത്ത ആളാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും അദ്ദേഹം ഒട്ടും കൊള്ളരുതാത്തവനാണ്. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ ചതിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് 
എല്‍.ഡി.എഫ്. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കിയതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

ഭരണത്തില്‍ പങ്കാളികളായ സഖാക്കള്‍ സുഖിച്ചുനടന്നതുകൊണ്ടാണ് ഇടതുപക്ഷത്തിന് കേരളത്തില്‍ മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ പോയതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അധികാരമോഹികളായ കമ്മ്യൂണിസ്റ്റുകാരും ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളുമാണ് ഇടതുപക്ഷത്തെയും പിണറായി വിജയനെയും തോല്‍പ്പിച്ചത്. നേതാക്കള്‍ക്കുണ്ടായ ധിക്കാരവും ധാര്‍ഷ്ട്യവും ഈ പരാജയത്തിന്റെ ആക്കം കൂട്ടി.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മുഖ്യമന്ത്രി പിണറായി വിജയന്റെ തലയില്‍ മാത്രം കെട്ടിവെക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പിണറായിയെ നേരിട്ട് എതിര്‍ക്കാന്‍ മടിയുള്ളതുകൊണ്ടാണ് അവര്‍ തനിക്കെതിരെ തിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ തതങ്ങള്‍ക്ക് ചെയ്തുതരാന്‍ കഴിയുന്ന കാര്യങ്ങള്‍ പോലും ചെയ്തുതന്നിട്ടില്ലെങ്കിലും താന്‍ ഒരിക്കലും അദ്ദേഹത്തെ തള്ളിപ്പറയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

മുന്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെയും വെള്ളാപ്പള്ളി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഷംസീര്‍ യഥാര്‍ത്ഥത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനല്ല, മറിച്ച് മുസ്ലിം ലീഗിന്റെ മനസ്സുള്ള ആളാണ്. പിണറായി വിജയനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ചാണ് ഇന്നത്തെ നിലയിലെത്തിയതെങ്കില്‍ ഷംസീര്‍ വളരെ 
ചുളുവിലൂടെ നേതാവായി മാറിയ ആളാണെന്നും അദ്ദേഹം പരിഹസിച്ചു. മതേതരത്വം പറഞ്ഞുനടന്ന ഈഴവര്‍ ഒരിടത്തും എത്തിയിട്ടില്ലെന്നും ഇനി നൂറ് കൊല്ലം കഴിഞ്ഞാല്‍ പോലും കേരളത്തിലെ ഒരു രാഷ്ട്രീയ മുന്നണിയിലും ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക