Image

ബിവറേജസ് കോര്‍പ്പറേഷന്‍ നഷ്ടത്തില്‍; കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ നയം: എം ലിജു

Published on 21 August, 2026
 ബിവറേജസ് കോര്‍പ്പറേഷന്‍ നഷ്ടത്തില്‍; കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ നയം: എം ലിജു

 

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ നഷ്ടത്തിലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. കഴിഞ്ഞ സര്‍ക്കാരിന്റെ നയമാണ് അതിന് കാരണമെന്നും ബെവ്കോയെ പ്രൊഫഷനലൈസ് ചെയ്യാന്‍ തീരുമാനിച്ചുവെന്നും ലിജു പറഞ്ഞു.

'ഇപ്പോഴല്ല ബെവ്കോ നഷ്ടത്തിലായത്. കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനം കൊണ്ടാണ് നഷ്ടത്തിലായത്. ബെവ്കോയുടെ ഉല്‍പ്പാദനവും വില്‍പ്പനയും വര്‍ധിച്ചു. എന്നാല്‍ അഞ്ച് പൈസയായിരുന്ന ഗ്യാലനേജ് ഫീസ് പത്ത് രൂപയായി ഉയര്‍ത്തിയതോടെ 400 കോടി രൂപയാണ് ബെവ്കോയ്ക്ക് സര്‍ക്കാരിന് നല്‍കേണ്ടി വന്നത്. ഇതോടെ ലാഭവും കഴിഞ്ഞു. റിസര്‍വ് ഫണ്ടില്‍ നിന്നും പൈസ എടുത്ത് കൊടുക്കേണ്ടിവന്നു. അതിനാലാണ് ഇത്തരത്തില്‍ നഷ്ടമുണ്ടായത്', എം ലിജു പറഞ്ഞു.

മദ്യനയ ചര്‍ച്ച ആരംഭിച്ചെന്നും ഓണം കഴിഞ്ഞ് കാര്യങ്ങള്‍ വേഗത്തില്‍ നടക്കുമെന്നും ലിജു പറഞ്ഞു. ചര്‍ച്ചയ്ക്ക് വിളിക്കേണ്ട ആളുകളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ്. സെപ്തംബറില്‍ തന്നെ മദ്യനയ ചര്‍ച്ചകള്‍ തുടങ്ങും. ആദ്യവാരത്തില്‍ തന്നെ ചര്‍ച്ച പൂര്‍ത്തിയാക്കുമെന്നും എം ലിജു പറഞ്ഞു.

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്നും സഹകരണ വകുപ്പുകളെ ഒഴിവാക്കിയ നടപടിയിലും ലിജു അതൃപ്തി പ്രകടിപ്പിച്ചു. ധനവകുപ്പിന്റെ നടപടിയില്‍ ആശങ്കയുണ്ടെന്ന് മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുവഴി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുമ്പോള്‍ ഭീമമായ നഷ്ടമുണ്ടായെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തല്‍ എന്നും മന്ത്രി പറഞ്ഞു.

'സഹകരണ വകുപ്പുകളെ ഒഴിവാക്കിയ ധനവകുപ്പിന്റേത് ആയിരുന്നു. അതില്‍ സഹകരണ വകുപ്പിന് ആശങ്കയുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രോസസ് ശരിയാണെന്ന് യാതൊരു അഭിപ്രായവും ഇല്ല. രാഷ്ട്രീയവല്‍ക്കരിച്ചുകൊണ്ടാണ് വിതരണം നടത്തിയത്. ചുവപ്പുവല്‍ക്കണമാണ് നടത്തിയത്', എന്നും ലിജു വിമര്‍ശിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക