
കോഴിക്കോട്: വടകരയെ ഞെട്ടിച്ച എംഡിഎംഎ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അധ്യാപികമാരായ പ്രതികളെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രധാന പ്രതികളായ കാവ്യ, നീഷ്മ എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി വടകര എൻഡിപിഎസ് കോടതിയാണ് അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ നൽകിയത്. മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
അതേസമയം, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസിൽ മനഃപൂർവ്വം കുടുക്കപ്പെടുകയായിരുന്നു എന്നും കോടതിയിൽ ഹാജരാക്കുന്നതിനിടെ കാവ്യ മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ കീർത്തന നൽകുന്ന മൊഴികൾ വിശ്വസിക്കരുതെന്നും യാഥാർഥ്യം മറിച്ചാണെന്നും കാവ്യ വ്യക്തമാക്കി. മൂന്ന് അധ്യാപികമാരും രണ്ട് പുരുഷന്മാരുമുൾപ്പെടെ അഞ്ച് പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
പേരാമ്പ്ര ബി.ആർ.സിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപികമാരായിരുന്ന ഇവർ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് ലഹരി മാഫിയയുമായി ബന്ധം പുലർത്തിയിരുന്നത്. ലഹരി ആവശ്യക്കാരെ നേരിട്ട് കാണാതെ രഹസ്യ അക്കൗണ്ടുകൾ വഴി ലക്ഷങ്ങളുടെ എംഡിഎംഎ ഇടപാടുകളാണ് സംഘം നടത്തിയിരുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികളായ അധ്യാപികമാരെ നേരത്തെ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു