Image

ലീഗ് MLAമാരുടെ വീടുകള്‍ പരിശോധിച്ചാല്‍ ചുരുങ്ങിയത് 100 കോടിയുടെ ഹവാല രേഖകള്‍ കിട്ടും- കെ.ടി.ജലീല്‍

Published on 20 August, 2026
 ലീഗ് MLAമാരുടെ വീടുകള്‍ പരിശോധിച്ചാല്‍ ചുരുങ്ങിയത് 100 കോടിയുടെ ഹവാല രേഖകള്‍ കിട്ടും- കെ.ടി.ജലീല്‍

മലപ്പുറം: മുസ്ലിം ലീഗ് എംഎല്‍എമാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ് കെ.ടി.ജലീല്‍. ലീഗ് എംഎല്‍എ വീടുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിന്റെ രേഖകള്‍ കിട്ടുമെന്ന് ജലീല്‍ ആരോപിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകന്‍ വീണാ ടി ഹവാല ഇടപാട് നടത്തിയെന്ന ഇഡിയുടെ കണ്ടെത്തലുകളോട് പ്രതികരിച്ചുകൊണ്ടാണ് ജലീല്‍ ലീഗിനെതിരെ ആരോപണം ഉന്നയിച്ചത്.

വീണയുടെ 85 ലക്ഷം ഹവാല ഇടപാടെന്നത് 85 കോടി എന്ന് ED പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി പഞ്ച് കിട്ടിയേനെയെന്നും അദ്ദേഹം കുറിച്ചു. വീണക്കെതിരായ കള്ളക്കഥകള്‍ക്കും അല്‍പ്പായുസ്സേ ഉണ്ടാകൂ. ഒരു മനുഷ്യനെ അപമാനിക്കുന്നതിന് ഒരതിരു വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അവസാനം എന്തായി? കുന്തായി!

85 ലക്ഷം ഹവാല ഇടപാടെന്നത് 85 കോടി എന്ന് ED പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി പഞ്ച് കിട്ടിയേനെ. ലീഗ് MLA-മാരുടെ വീടുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിന്റെ രേഖകള്‍ കിട്ടും. ഇതിപ്പോ പറ്റെ കുറഞ്ഞല്ലോ ഈഡീ. നിങ്ങള്‍ ആരെയാണ് വിഡ്ഢികളാക്കുന്നത്. ഖുര്‍ആനിലെ സ്വര്‍ണ്ണക്കടത്താരോപിച്ച് പത്ര-ദൃശ്യ മാധ്യമങ്ങളും യു.ഡി.എഫും എനിക്കെതിരെ പ്രചരിപ്പിച്ചതൊക്കെ പെട്ടന്ന് മറന്നോ?

ഖുര്‍ആനിനൊപ്പം സ്വര്‍ണം കയറ്റിയ വണ്ടി എം.സി റോഡ് വഴി ആദ്യം പെരുമ്പാവൂരിലെത്തി. അവിടെ കുറച്ചു പാക്കറ്റുകള്‍ ഇറക്കി. സ്വര്‍ണ്ണക്കട്ടികള്‍ കയറ്റിയ വണ്ടി തൃശൂരിലെത്തിയപ്പോള്‍ GPS ബോധപൂര്‍വ്വം കേടു വരുത്തി. പിന്നെ വണ്ടി നേരെ ബാഗ്ലൂരിലേക്ക് പോയി. അവിടെ വെച്ച് സ്വര്‍ണ്ണക്കട്ടികള്‍ കോടികള്‍ക്ക് വിറ്റു. 
ഇങ്ങിനെ എന്തൊക്കെ? ചില പത്രങ്ങള്‍ വണ്ടിയുടെ റൂട്ട് മേപ്പ് ഉള്‍പ്പടെ കൊടുത്താണ് ഒന്നാം പേജില്‍ പ്രധാന വാര്‍ത്തയായി ഈ നുണക്കഥകള്‍ പ്രചരിപ്പിച്ചത്.

ഖുര്‍ആന്‍ കോപ്പികള്‍ കൊണ്ടു പോയ വണ്ടിയുടെ GPS, NIA പരിശോധിക്കാന്‍ വന്നതു വരെ അന്ന് വാര്‍ത്തയായി! NIA-യുടെ തലക്ക് വെളിവില്ലായ്മ അന്നാണ് എനിക്ക് ബോദ്ധ്യമായത്. എന്നിട്ടവസാനം എന്തായി? കുന്തായി! വീണക്കെതിരായ കള്ളക്കഥകള്‍ക്കും അല്‍പ്പായുസ്സേ ഉണ്ടാകൂ. ഒരു മനുഷ്യനെ അപമാനിക്കുന്നതിന് ഒരതിരു വേണം. അല്ലാ പിന്നെ!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക