
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉത്സവബത്തയും അഡ്വാന്‍സും വിതരണം ചെയ്യാന്‍ തീരുമാനിച്ചതായും ഇതിനായി 33.92 കോടി രൂപ അനുവദിച്ചതായും ഗതാഗത മന്ത്രി സി.പി ജോണ്‍ അറിയിച്ചു. പെന്‍ഷന്‍കാര്‍ക്ക് ഓണം അലവന്‍സും സ്ഥിരം ജീവനക്കാര്‍ക്ക് സാലറി അഡ്വാന്‍സും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്.
സ്ഥിരം ജീവനക്കാര്‍ക്ക് 10,000 രൂപ സാലറി അഡ്വാന്‍സും 3,000 രൂപ ഉത്സവബത്തയും ലഭിക്കും. കൂടാതെ അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ബോണസും ലഭിക്കുന്നതാണ്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് 1,000 രൂപ ഉത്സവബത്തയായി ലഭിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പെന്‍ഷന്‍കാര്‍ക്ക് 1,250 രൂപ ഓണം ഉത്സവബത്തയായി അനുവദിച്ചിട്ടുണ്ട്.
സ്ഥിരം ജീവനക്കാര്‍ക്ക് 10,000 രൂപ ഓണം അഡ്വാന്‍സ് നല്‍കാന്‍ 21.5 കോടി രൂപ കെ.എസ്.ആര്‍.ടി.സി.ക്ക്മന്ത്രിസഭാ തീരുമാനപ്രകാരമാണ് അനുവദിക്കുന്നത്. പെന്‍ഷന്‍കാര്‍ക്ക് 1250 ഉത്സവബത്ത നല്‍കുന്നതിന് 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി മന്ത്രിസഭ കെ.എസ്.ആര്‍.ടി.സി.ക്ക് അനുവദിച്ചു.
കെ.എസ്.ആര്‍.ടി.സി.യില്‍ പെന്‍ഷന്‍കാര്‍ക്കുള്ള ഓണം അലവന്‍സ് 2019-ന് ശേഷം ആദ്യമായാണ് നല്‍കുന്നത്. ഓണം സാലറി അഡ്വാന്‍സ് 2023-ന് ശേഷം നല്‍കിയിരുന്നില്ല. പെന്‍ഷന്‍കാരുടെ ദീര്‍ഘനാളത്തെ ആവശ്യമായ പെന്‍ഷന്‍ പരിഷ്‌കരണത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും, ഓണക്കാലത്ത് അനുവദിച്ച ഈ തുക അവര്‍ക്ക് വലിയൊരു ആശ്വാസമാകും.
മുന്‍ വര്‍ഷങ്ങളില്‍ ഓണക്കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കുടുംബങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കുന്നതാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.