
സുല്‍ത്താന്‍ബത്തേരി: ഒരാഴ്ചയോളമായി ജില്ലയുടെ വിവിധഭാഗങ്ങളില്‍ സ്ത്രീകളുടെ സ്വര്‍ണമാലകള്‍ കവര്‍ന്ന് ഭീതിപരത്തിയ സംഘത്തിലെ രണ്ടുപേര്‍കൂടി പിടിയിലായി. തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി (48), ശിവഗംഗ മടപുര എം. മാരിമുത്തു (പാണ്ഡ്യന്‍-39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേകസംഘവും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഇവര്‍ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന മലപ്പുറം ഐക്കരപ്പടിയിലെ മുറിയില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബത്തേരിയിലെ മാലമോഷണക്കേസില്‍ പിടിയിലായവരുടെ കൂട്ടാളികളാണിവരെന്നും ഇതോടെ മാല കവര്‍ച്ചാക്കേസുകളില്‍ ജില്ലയില്‍ ഏഴുപേര്‍ പിടിയിലായെന്നും പോലീസ് അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ അമ്മായിപ്പാലത്തുനിന്ന് ബത്തേരിയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ വന്ന നെന്മേനി സ്വദേശിനിയുടെ മൂന്നുപവന്റെ മാലയും ഒരുഗ്രാമിന്റെ താലിയുമടക്കം ഏകദേശം 3,82,000 രൂപ വിലവരുന്ന മാല വലിച്ചുപൊട്ടിച്ച് കവര്‍ന്നിരുന്നു. ബത്തേരി ഗാന്ധി ജങ്ഷനിലെത്തിയപ്പോളാണ് വയോധിക മാല നഷ്ടപ്പെട്ടത് അറിഞ്ഞത്.
വിവരം അറിഞ്ഞതോടെ പോലീസ് പലസംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മധുര സ്വദേശികളായ അളകനല്ലൂര്‍ ഈശ്വരി (47), അളകനനല്ലൂര്‍ ഈശ്വരി (47), അളകനല്ലൂര്‍ കണ്ണകി (അര്‍ച്ചന, രമ്യ-30) എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്തുനിന്ന് പിടികൂടയിരുന്നു. മീനങ്ങാടിയിലെ ഫാന്‍സി കടയില്‍നിന്ന് കോസ്മെറ്റിക് ഉത്പന്നങ്ങള്‍ മോഷ്ടിച്ചതും ഇവരാണെന്ന് കണ്ടെത്തി.
എന്നാല്‍ പരസ്പരവിരുദ്ധമായി സംസാരിച്ചും പൂര്‍ണമായി വിവരങ്ങള്‍ വെളിപ്പെടുത്താതെയും അന്വേഷണവുമായി ഇവര്‍ സഹകരിച്ചില്ല. എങ്കിലും പോലീസിന്റെ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണം കൂട്ടുപ്രതികളായ ഈശ്വരിയുടെ ഭര്‍ത്താവ് രവിയിലേക്കും രമ്യയുടെ ഭര്‍ത്താവായ മാരിമുത്തുവിലേക്കും എത്തുകയായിരുന്നു.