Image

മോന്‍സണ്‍ കേസില്‍ ബന്ധം; ഐ.ജി.ക്ക് സ്ഥാനക്കയറ്റം, സി.ഐ.ക്ക് ഇല്ല, വിവേചനമെന്ന് ഹൈക്കോടതി

Published on 20 August, 2026
 മോന്‍സണ്‍ കേസില്‍ ബന്ധം; ഐ.ജി.ക്ക് സ്ഥാനക്കയറ്റം, സി.ഐ.ക്ക് ഇല്ല, വിവേചനമെന്ന് ഹൈക്കോടതി


കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സ്ഥാനക്കയറ്റം തടഞ്ഞതില്‍ ഇടപെട്ട് ഹൈക്കോടതി. ഇന്‍ക്രിമെന്റ് തടഞ്ഞതിന്റെപേരില്‍ സ്ഥാനക്കയറ്റം നിഷേധിക്കുന്നത് തെറ്റാണെന്നുപറഞ്ഞ കോടതി, ഇക്കാര്യത്തില്‍ ഉചിത തീരുമാനം എടുത്തില്ലെങ്കില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം വെള്ളിയാഴ്ച ഹാജരാകണമെന്നും ഉത്തരവിട്ടു.

ചേര്‍ത്തല സി.ഐയായിരുന്ന പി. ശ്രീകുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. മോന്‍സണ്‍ കേസില്‍ പ്രതിയായിരുന്ന ഐ.ജി. ഗുഗുലോത്ത് ലക്ഷ്മണന് എ.ഡി.ജി.പി.യായി സ്ഥാനക്കയറ്റം നല്‍കിയത് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റം നല്‍കുന്നതില്‍ പ്രഥമദൃഷ്ട്യാ വിവേചനമുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും കോടതി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷത്തെ ഇന്‍ക്രിമെന്റ് തടഞ്ഞതും മാവേലിക്കര പോലീസ് സ്റ്റേഷനിലെ കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് ഒരു വര്‍ഷത്തെ ഇന്‍ക്രിമെന്റ് തടഞ്ഞതും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന് സ്ഥാനക്കയറ്റം നിഷേധിച്ചത്. ഇവ ചെറിയ ശിക്ഷകള്‍ മാത്രമാണെന്നും സ്ഥാനക്കയറ്റത്തിന് തടസ്സമാകേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ഥാനക്കയറ്റം പരിഗണിക്കാന്‍ ജൂണ്‍ 23-ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും പാലിച്ചിട്ടില്ലെന്നു കാണിച്ചായിരുന്നു ഹര്‍ജി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക