Image

ഐസ് ഏജന്റുമാർ യുഎസ് പൗരത്വമുള്ള വനിതയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി, അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ് അംഗങ്ങൾ (പിപിഎം)

Published on 20 August, 2026
ഐസ് ഏജന്റുമാർ യുഎസ് പൗരത്വമുള്ള വനിതയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി, അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ് അംഗങ്ങൾ (പിപിഎം)

നോർത്തേൺ വിർജിനിയയിൽ യുഎസ് പൗരത്വമുള്ള വനിതയുടെ തലയിൽ തോക്കു വച്ചു ഭീഷണിപ്പെടുത്തിയ ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസ്) ഏജന്റുമാരുടെ നടപടിയിൽ ഇന്ത്യൻ അമേരിക്കൻ റെപ്. സുഹാസ് സുബ്രമണ്യവും മറ്റു അഞ്ചു കോൺഗ്രസ് അംഗങ്ങളും പ്രതിഷേധം രേഖപ്പെടുത്തി. അതേപ്പറ്റി എഫ് ബി ഐയും ജസ്റ്റിസ് ഡിപ്പാർട്മെന്റും അന്വേഷണം നടത്തണം എന്നവർ ആവശ്യപ്പെട്ടു.  

ഫോൾസ്  ചർച്ചിൽ ഓഗസ്റ്റ് 10നു കരോലിന മോളിന എന്ന വനിതയുടെ കാർ മുന്നിൽ നിന്നും പിന്നിൽ നിന്നും തടഞ്ഞാണ് ഐസ് ഏജന്റുമാർ അവരുടെ ശിരസിൽ തോക്കു വച്ച് ഭീഷണി ഉയർത്തിയത്. ലൈസൻസുള്ള പ്രഫഷനൽ കൗൺസലറായ മോളിന ബേലീസ് ക്രോസ്റോഡ്സിൽ ഷോപ്പിംഗ് സെന്ററിൽ ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് ഐസ് എത്തിയത്.

മോളിന അവരെ കാറിടിക്കാൻ ശ്രമിച്ചെന്നു മുഖംമൂടി ധരിച്ച ഏജന്റുമാർ ആരോപിച്ചു. മറിച്ചാണ് സംഭവിച്ചതെന്നു മോളിന ചൂണ്ടിക്കാട്ടിയെങ്കിലും അവർ ആരോപണം ആവർത്തിച്ചു.

അറസ്റ്റ് ഭീഷണി ഉയർത്തിയപ്പോൾ തനിക്കു പൗരത്വം ഉണ്ടെന്നു മോളിന പറഞ്ഞു. അത് പ്രശ്നമല്ല എന്നായിരുന്നു ഏജന്റിന്റെ പ്രതികരണം.

മോളിന ഐസ് ഏജന്റുമാരെ കാറിടിക്കാൻ ശ്രമിച്ചു എന്ന ആരോപണം വീഡിയോ ദൃശ്യങ്ങളിൽ തെളിയുന്നില്ലെന്നു കോൺഗ്രസ് അംഗങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടി. ഡാഷ്കാം വീഡിയോ ഉണ്ടെന്നു പറഞ്ഞപ്പോൾ ഏജന്റുമാർ മോളിനോയെ വിട്ടയച്ചതു തന്നെ തെളിയിക്കുന്നത് മോളിനോ പറഞ്ഞതാണ് ശരി എന്നാണ്.  

"ഓരോ ഐസ് ഏജന്റിനെ കൊണ്ടും ഞങ്ങൾ സത്യം പറയിപ്പിക്കും," സുബ്രമണ്യം പറഞ്ഞു. അതിനു പൊതുജന  സമ്മർദവും വേണ്ടി വന്നാൽ ഉപയോഗിക്കും. കുറ്റക്കാരനായ ഏജന്റ് കോൺഗ്രസിൽ വന്നു വിശദീകരണം നൽകേണ്ടി വരും."

ഡെമോക്രാറ്റുകൾ നവംബറിൽ ഹൗസ് വീണ്ടെടുത്താൽ ഏജന്റിനു സപ്പീന അയക്കാൻ സാധ്യതയുണ്ട്. വിർജീനിയ റെപ്. ഡോൺ ബെയർ, ജെയിംസ് വോക്കിൻഷോ, ഹൗസ് ഓവർസൈറ്റ് കമ്മിറ്റി റാങ്കിങ് മെംബർ റോബർട്ട് ഗാർഷ്യ,   ഡി എച് എസ് കമ്മിറ്റി റാങ്കിംഗ് മെംബർ  ബെന്നി തോംപ്സൺ, ജുഡീഷറി കമ്മിറ്റി റാങ്കിംഗ് മെംബർ ജാമി റസ്കിൻ എന്നിവരാണ് കത്തിൽ ഒപ്പുവച്ച മറ്റു ജനപ്രതിനിധികൾ.

ഏജന്റുമാരുടെ പേരുകൾ, തസ്തിക, വാഹനങ്ങൾ തടയുന്നതിലെ ചരിത്രം, അച്ചടക്കം നേരിട്ടിട്ടുണ്ടെങ്കിൽ അക്കാര്യം, പൂർണമായ ബോഡികാം ദൃശ്യങ്ങൾ, സെൽഫോൺ-വാഹന ദൃശ്യങ്ങൾ എന്നിവ കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

മോളിനയുടെ പക്കലുള്ള ദൃശ്യങ്ങളിൽ മൂന്നു ഏജന്റുമാരെങ്കിലും ബോഡികാം ധരിച്ചിട്ടുണ്ട് എന്നതു വ്യക്തമാണ്.

ICE agent points gun at US citizen, lawmakers seek FBI probe  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക