
തൃശ്ശൂര്‍: ബി.ജെ.പി. ജില്ലാക്കമ്മിറ്റിയോഫീസിനു സമീപം 'കള്ളപ്പണ സ്വീകരണ വിതരണ മൊത്തക്കച്ചവട കേന്ദ്രത്തിലേക്കുള്ള വഴി' എന്ന ബാനര്‍ സ്ഥാപിച്ച് കെ.എസ്.യു. ജില്ലാക്കമ്മിറ്റി. ഇതില്‍ ബി.ജെ.പി. പ്രതിഷേധിച്ചു. ഓഫീസിനു തൊട്ടടുത്തുള്ള ചെറുമുക്ക് ടെമ്പിള്‍ റോഡിലാണ് ബാനര്‍ സ്ഥാപിച്ചത്. ബി.ജെ.പി. ഓഫീസിലേക്കുള്ള ദിശാബോര്‍ഡിനു സമീപമാണിത്. തിരഞ്ഞെടുപ്പുകാലത്ത് തൃശ്ശൂരിലെ ബി.ജെ.പി. ഓഫീസില്‍ 17 ചാക്കുകളിലായി കള്ളപ്പണമെത്തിയെന്ന മുന്‍ ഓഫീസ്സെക്രട്ടറി പി.അക്ഷയ്യുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ പ്രതിഷേധമെന്ന് കെ.എസ്.യു. നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ഉള്‍പ്പെടെ പത്തോളം ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് കെ.എസ്.യു.ക്കാര്‍ ബാനര്‍ സ്ഥാപിച്ചത്.
ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി. രംഗത്തെത്തി. കെ.എസ്.യു.വിന്റെ സമരാഭാസം അവസാനിപ്പിക്കണമെന്നും പ്രകോപനവുമായി ബി.ജെ.പി. ഓഫീസിലേക്കു വന്നാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും സിറ്റിജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു. തീക്കൊള്ളി കൊണ്ട് തല ചൊറിയാന്‍ കെ.എസ്.യു. നേതൃത്വം തയ്യാറാകരുത്. തൃശ്ശൂരില്‍ സമാധാനം നിലനിര്‍ത്തുന്നതിനാണ് ബി.ജെ.പി. ആഗ്രഹിക്കുന്നത്. എന്നാല്‍, സമാധാനം ദൗര്‍ബല്യമായിക്കണ്ട് നടത്തുന്ന ഏതൊരു പ്രകോപനത്തിനും ശക്തമായ രാഷ്ട്രീയ മറുപടി നല്‍കാന്‍ ബി.ജെ.പി. ജില്ലാക്കമ്മിറ്റി തയ്യാറാണ്. കെ.എസ്.യു.വിന്റെ ഗുണ്ടായിസത്തിന് കോണ്‍ഗ്രസ്നേതൃത്വം കടിഞ്ഞാണിടണം. അല്ലാത്തപക്ഷമുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം കോണ്‍ഗ്രസ് നേതൃത്വത്തിനായിരിക്കുമെന്നും ജസ്റ്റിന്‍ജേക്കബ് പറഞ്ഞു.