Image

ഡി.എം.ഒ. ഓഫീസിലെ കാന്റീന്‍ സര്‍ക്കാര്‍ ചെലവില്‍; വരുമാനം ഇടതു നേതാവിന്റെ ബിനാമി അക്കൗണ്ടിലേക്ക്

Published on 20 August, 2026
 ഡി.എം.ഒ. ഓഫീസിലെ കാന്റീന്‍ സര്‍ക്കാര്‍ ചെലവില്‍; വരുമാനം ഇടതു നേതാവിന്റെ ബിനാമി അക്കൗണ്ടിലേക്ക്

 

ആലപ്പുഴ: ജില്ല മെഡിക്കല്‍ ഓഫീസിലെ കാന്റീന്‍ നടത്തിപ്പില്‍ ഗുരുതര ക്രമക്കേട്. സര്‍ക്കാര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനിന്റെ വരുമാനം ആരോഗ്യവകുപ്പിനോ സര്‍ക്കാരിനോ കിട്ടുന്നില്ലെന്നാണ് കണ്ടെത്തല്‍. ഇടതു യൂണിയന്‍ നേതാവിന്റെ ബിനാമി അക്കൗണ്ടിലേക്കാണ് വരുമാനം പോകുന്നതെന്നാണ് വിവരം. എന്‍.ജി.ഒ. അസോസിയേഷന്‍ നേതാക്കളുടെ 
പരാതിയില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിനു നിര്‍ദേശിച്ചു. 2018 മുതല്‍ കാന്റീന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാഫ് കൗണ്‍സിലിനാണ് കാന്റീന്‍ നടത്തിപ്പു ചുമതലയെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഭരണം മാറിയതോടെ സ്റ്റാഫ് കഴിഞ്ഞദിവസം സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്നു. പുതിയ ആളുകള്‍ ചുമതല ഏറ്റെടുത്തപ്പോഴാണ് കാന്റീന്‍ നടത്തിപ്പിന്റെ വരവു ചെലവു കണക്ക് ആവശ്യപ്പെട്ടത്. എന്നാല്‍, സ്റ്റാഫ് കൗണ്‍സിലുമായി കാന്റീനിനു ബന്ധമില്ലെന്ന് പഴയ താത്കാലിക ചുതമലക്കാരന്‍ വ്യക്തമാക്കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഡി.എം.ഒ. ഓഫീസില്‍ ജോലിചെയ്തിരുന്ന ഏതാനും ഇടതു യൂണിയന്‍ നേതാക്കളെ സ്ഥലംമാറ്റിയിരുന്നു. ഈ സമയത്താണ് സ്റ്റാഫ് കൗണ്‍സിലിന് താത്കാലിക ചുമതലക്കാരന്‍ വന്നത്. അതുകൊണ്ടുതന്നെ കാന്റീന്റെ പ്രവര്‍ത്തനം എങ്ങനെയെന്ന് വ്യക്തമല്ല.

കാന്റീന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ആരോഗ്യവകുപ്പിന്റേതാണ്. വെള്ളത്തിനും വൈദ്യുതിക്കുമുള്ള പണവും സര്‍ക്കാരാണ് നല്‍കുന്നതെന്നാണു വിവരം. കാന്റീനില്‍ ജോലിചെയ്യുന്ന രണ്ടു ജീവനക്കാര്‍ ആരോഗ്യവകുപ്പിലുള്ളവരാണ്. അതുകൊണ്ടുതന്നെ കാന്റീന്‍ നടത്തിപ്പിന് പണച്ചലവില്ല.

കാന്റീനില്‍നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ ഓണ്‍ലൈനായി നല്‍കുന്ന പണം
പോകുന്നത് ജോണ്‍ ബ്രിട്ടോ എന്ന ആളുടെ അക്കൗണ്ടിലേക്കാണ്. ഇയാള്‍ എന്‍.ജി.ഒ. യൂണിയന്‍ നേതാവിന്റെ ബിനാമിയാണെന്നാണ് എന്‍.ജി.ഒ. അസോസിയേഷന്‍ നേതാക്കളുടെ ആരോപണം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക