
ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ഇളയ മകൻ ഹാരിയും ഭാര്യ മെഗാൻ മെർക്കലും ആറു വർഷം നീണ്ട യുഎസ് ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്നു. കുട്ടികളായ ആർച്ചി രാജകുമാരൻ (7), ലിലിബിത് രാജകുമാരി (5) എന്നിവരെ സെപ്റ്റംബറിൽ ബ്രിട്ടനിലെ സ്കൂളിൽ ചേർക്കുമെന്നു 'ദ ടെലിഗ്രാഫ്' റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ അവർ രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള ചുമതലകൾ വീണ്ടും ഏറ്റെടുക്കില്ല എന്നാണ് ഹാരിയോടും മെഗാനോടും അടുപ്പമുള്ളവർ പറയുന്നത്.
കലിഫോർണിയയിൽ സാന്താ ബാർബറയിലുള്ള കടൽതീരത്തെ മോന്റസിറ്റോ ആർഭാട മേഖലയിലാണ് 2020 മാർച്ചിൽ വീടുവാങ്ങി അവർ താമസമാക്കിയത്. ജനുവരിയിൽ രാജകുടുംബ അംഗങ്ങളുടെ ചുമതലകൾ ഉപേക്ഷിച്ചിരുന്നു. എലിസബത്ത് രാജ്ഞി ജീവിച്ചിരുന്ന കാലത്താണ് അവർ പോയത്.
ബ്രിട്ടനിൽ എവിടെ ആയിരിക്കും താമസമെന്നു സ്ഥിരീകരിച്ചിട്ടില്ല. 2018 മേയിൽ വിൻഡ്സർ കാസിലിൽ ആയിരുന്നു അവരുടെ വിവാഹം. മെഗാൻറെ മുത്തശ്ശി കറുത്ത വർഗക്കാരി ആയിരുന്നു എന്നതിന്റെ പേരിൽ അവർ രാജകുടുംബത്തിൽ അവഹേളനം നേരിട്ടെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. അവരുടെ ചലച്ചിത്ര അഭിനയ പശ്ചാത്തലവും അവഹേളനത്തിനു കാരണമായി.
കലിഫോർണിയയിൽ 16 മുറികളുളള വസതി വാങ്ങിയത് $14.7 മില്യൺ (ഏകദേശം 140.5 കോടി രൂപ) മുടക്കിയാണെന്നാണ് റിപ്പോർട്ട്. വർഷം തോറും നികുതിയും തിരിച്ചടവും ഉൾപ്പെടെ $600,000 ചെലവുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ഈ വീടോ പോർച്ചുഗലിലുള്ള വീടോ വിൽക്കാൻ ഉദ്ദേശമില്ലെന്നു ഹാരി പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചാൾസിനെ അറിയിച്ചു
ഹാരിയുടെ തീരുമാനം ചാൾസ് മൂന്നാമൻ രാജാവിനെ അറിയിച്ചിട്ടുണ്ടെന്നു 'പീപ്പിൾ' പറയുന്നു. ക്യാൻസർ മൂലം അന്ത്യമടുത്തു എന്നു പറയപ്പെടുന്ന രാജാവുമായി നല്ല ബന്ധം പുലർത്തുന്ന ഹാരി പക്ഷെ കിരീടാവകാശിയായ മൂത്ത സഹോദരൻ വില്യം രാജകുമാരനുമായി സംസാരിക്കുക പോലും ചെയ്യാറില്ലെന്നത് രഹസ്യമല്ല.
രാജകുടുംബാംഗങ്ങളുമായുള്ള ഭിന്നതകളെ കുറിച്ചു ഹാരിയും മെഗാനും തുറന്നു പറഞ്ഞിട്ടുണ്ട്. നെറ്ഫ്ലിസ്കിൽ വന്ന ഡോക്യുമെന്ററി പരമ്പരയിലും ഹാരി 2023ൽ എഴുതിയ 'സ്പെയർ' ഓർമക്കുറിപ്പുകളിലും അത് ലോകം കേട്ടു.
ഒരു ഘട്ടത്തിൽ ചാൾസ് തന്റെ ഫോൺ കോൾ എടുക്കാറില്ലെന്നു ഹാരി പറഞ്ഞിരുന്നു. എന്നാൽ ചാൾസിന്റെ രോഗം തിരിച്ചറിഞ്ഞപ്പോൾ ഹാരി അദ്ദേഹത്തെ സന്ദർശിച്ചു. അതോടെ മഞ്ഞുരുകി.
മുഖത്തടിച്ച പോലെയാവും
ഹാരി തിരിച്ചെത്തുന്നത് വില്യമിന്റെ മുഖത്തടിച്ച പോലെയാവുമെന്നു റോയൽ റിപ്പോർട്ടർ ടോം സൈക്ക്സ് പറഞ്ഞതായി 'പേജ് സിക്സ്' പറയുന്നു. രാജകുടുംബത്തിലെ ഭാവി പിന്തുടർച്ചകൾ ചാൾസിനു തലവേദനയാവുമെന്നു അദ്ദേഹം പറയുന്നു.
ക്രിസ്തുമസിനു ഹാരിയെ ചാൾസ് കൊട്ടാരത്തിലേക്കു ക്ഷണിച്ചാൽ വില്യം പരുങ്ങലിലാവുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. റിമെംബ്രൻസ് ഡേ ആഘോഷത്തിനും ക്ഷണിച്ചേക്കാം.
ബ്രിട്ടനിൽ എത്തുമ്പോൾ രാജകുടുംബാംഗം എന്ന നിലയിൽ ലഭിക്കേണ്ട പോലീസ് സുരക്ഷ തനിക്കു കിട്ടാതെ വരുന്നതിൽ ഹാരി പ്രതിഷേധിച്ചിരുന്നു. അതിനെതിരെ കോടതിയിൽ പോവുകയും ചെയ്തു. എന്നാൽ കോടതി അതു തള്ളി.
കഴിഞ്ഞ മാസം ഹാരിയും മെഗാനും ബ്രിട്ടനിൽ എത്തിയപ്പോഴാണ് 2022നു ശേഷം ആദ്യമായി ചാൾസ് അവരുടെ മക്കളെ കണ്ടത്.
Harry and Meghan returning to UK