
ചെന്നൈ: തമിഴ്നാട്ടിൽ വിപ്ലവകരമായ മാറ്റത്തിന് വിജയ് സർക്കാർ. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് പ്രസവാവധി ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി മൂന്നാം പ്രസവത്തിനും 365 ദിവസം ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാൻ തീരുമാനിച്ചു. ആദ്യ 2 പ്രസവത്തിന് ലഭിക്കുന്ന ആനുകൂല്യം മൂന്നാമത്തെ പ്രസവത്തിനും ലഭ്യമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
നേരത്തെ നിലനിന്നിരുന്ന നിയമപ്രകാരം, രണ്ട് കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിന് 12 ആഴ്ച (84 ദിവസം) മാത്രമാണ് പൂർണ ശമ്പളത്തോടു കൂടിയ അവധി അനുവദിച്ചിരുന്നത്. പുതിയ ഉത്തരവ് വരുന്നതോടെ ഇതിന് മാറ്റമുണ്ടാവും. ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് സർക്കാർ പുറത്തിറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾ കൂടി കണക്കിലെടുത്താണ് ഇത്തരമൊരു നയപരമായ തീരുമാനം. തമിഴ്‌നാട്ടിലെ മൊത്തം പ്രത്യുൽപ്പാദന നിരക്ക് (1.4) ദേശീയ ശരാശരിയായ 2.1-ൽ താഴെയാണ്. മുൻപ് മൂന്നാമത്തെ കുട്ടിയെ പ്രസവിക്കുന്നവർക്കു ധനസഹായം നൽകുമെന്ന് വിജയ് സർക്കാർ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ മാറ്റവും വരുന്നത്.