Image

ട്രംപ് ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ചതിന് കോൺഗ്രസിന്റെ പരിഹാസം

Published on 19 August, 2026
ട്രംപ് ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ചതിന്   കോൺഗ്രസിന്റെ പരിഹാസം

ന്യൂഡൽഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ച്  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശത്തിന് പിന്നാലെ ചീഫ് ഇലക്ഷൻ കമ്മിഷണർ ജ്ഞാനേഷ് കുമാറിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. ജ്ഞാനേഷ് കുമാറിനെ അമേരിക്കയിലേക്ക് കൊണ്ടുപോയി അവിടെ തന്നെ നിർത്തണമെന്നും ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ അടുത്ത വിമാനത്തിൽ അയച്ചുതരാമെന്നും ഖേര പരിഹാസരൂപേണ പറഞ്ഞു. 
 

അമേരിക്കയിൽ വോട്ടർമാർക്ക് നിർബന്ധിത ഫോട്ടോ തിരിച്ചറിയൽ രേഖ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ട്രംപ് മുന്നോട്ടുവച്ച 'സേവ് അമേരിക്ക ആക്ടി'നെ പിന്തുണയ്ക്കുന്നതിനിടെയാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് മാതൃകയെ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ഇന്ത്യയിലെ ചീഫ് ഇലക്ഷൻ കമ്മിഷണർ ജ്ഞാനേഷ് കുമാർ അടുത്തിടെ യു.എസ് ഭരണകൂടത്തോട്, സാധുവായ ഫോട്ടോ ഐ.ഡി ഇല്ലാതെ അമേരിക്കയിൽ എങ്ങനെ തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് ചോദിച്ചിരുന്നുവെന്ന് ട്രംപ് 'ട്രൂത്ത് സോഷ്യൽ' പോസ്റ്റിൽ പറഞ്ഞു. ഇന്ത്യയിലെ അവസാന പൊതുതെരഞ്ഞെടുപ്പിൽ 64.6 കോടി വോട്ടർമാർ പങ്കെടുത്തെന്നും ഒരു ശതമാനത്തിൽ താഴെ പേർ മാത്രമാണ് തപാൽ വോട്ട് ചെയ്തതെന്നും എല്ലാ വോട്ടർമാരും സാധുവായ ഫോട്ടോ തിരിച്ചറിയൽ രേഖ ഹാജരാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. 

ഇതിന് പിന്നാലെയാണ് പവൻ ഖേരയുടെ പരിഹാസം. 'പ്രിയപ്പെട്ട ഡൊണാൾഡ് ട്രംപ്, ജ്ഞാനേഷ് കുമാറിനെ അമേരിക്കയിലേക്ക് കൊണ്ടുപോകൂ. അവിടെ തന്നെ നിർത്തൂ. ഞങ്ങളുടെ ഇ.വി.എംകളും അടുത്ത വിമാനത്തിൽ അയച്ചുതരാം,' എന്നായിരുന്നു ഖേരയുടെ സമൂഹമാധ്യമ കുറിപ്പ്. ട്രംപ് ഇന്ത്യയ്‌ക്കെതിരെ നടത്തിയ 'അപമാനങ്ങൾക്കും ഭീഷണിപ്പെടുത്തലുകൾക്കും' ഇതാണ് ഇന്ത്യയ്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യമെന്നും അദ്ദേഹം പരിഹസിച്ചു. 

ട്രംപിന്റെ വോട്ടർ ഐ.ഡി ആവശ്യത്തെ ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ പിന്തുണച്ചു. ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ 64.6 കോടി പേർ വോട്ട് ചെയ്തെന്നും എല്ലാവരും തിരിച്ചറിയൽ രേഖ ഉപയോഗിച്ചെന്നുമുള്ള ട്രംപിന്റെ വാദം ആവർത്തിച്ച ഗോർ, അമേരിക്കൻ കോൺഗ്രസ് 'സേവ് അമേരിക്ക ആക്ട്' പാസാക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ജ്ഞാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ് നേരത്തെ തന്നെ 'പക്ഷപാതപരമായ' സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചിരുന്നു. ജ്ഞാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മിഷനും ഈ ആരോപണങ്ങൾ നിഷേധിക്കുകയും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ 'സ്വതന്ത്രവും നീതിപൂർവവുമാണ്' എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

ട്രംപിന്റെ പരാമർശങ്ങൾക്ക് പിന്നാലെ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ആഗോളതലത്തിൽ 'സുസ്ഥാപിതമായ വസ്തുത'യാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളും പ്രതികരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക