
വാഷിങ്ടൺ: ഇന്ത്യയുടെ സാംസ്കാരിക നേട്ടങ്ങളെ പരിഹസിച്ചുള്ള റിപ്പബ്ലിക്കൻ രാഷ്ട്രീയപ്രവർത്തകൻ സ്പെൻസർ പ്രാറ്റിന്റെ പരാമർശത്തിനെതിരെ യു.എസ് കോൺഗ്രസ് അംഗം റോ ഖന്ന രംഗത്ത്. ജെഫ് ബെസോസിന്റെ ഭാവിയിലെ ബഹിരാകാശ നാഗരികതയെക്കുറിച്ചുള്ള പരാമർശമാണ് സമൂഹമാധ്യമങ്ങളിൽ ഇന്ത്യയുടെ സാംസ്കാരിക മികവ്, കുടിയേറ്റം എന്നിവയെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾക്ക് വഴിവച്ചത്.
സൗരയൂഥത്തിൽ ഒരു ട്രില്യൺ മനുഷ്യർ ജീവിക്കുന്ന ഭാവിയാണ് താൻ ആഗ്രഹിക്കുന്നതെന്ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് നേരത്തെ പറഞ്ഞിരുന്നു. ഇത്രയും വലിയ ജനസംഖ്യയുള്ള ഒരു നാഗരികതയ്ക്ക് ഒരേ സമയം '1,000 മൊസാർട്ടുമാരും 1,000 ഐൻസ്റ്റീനുമാരും' ഉണ്ടാകുമെന്നായിരുന്നു ബെസോസിന്റെ വാദം.
ഇതിന് മറുപടിയായാണ് ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിലെ പ്രൈമറിയിൽ നിത്യ രാമനോട് പരാജയപ്പെട്ട റിപ്പബ്ലിക്കൻ നേതാവ് സ്പെൻസർ പ്രാറ്റ് ഇന്ത്യയെ പരാമർശിച്ചത്.
'മൊസാർട്ടിന്റെ കാലത്ത് ഭൂമിയിലുണ്ടായിരുന്ന ആകെ ജനസംഖ്യയുടെ ഇരട്ടിയിലധികം ആളുകൾ ഇന്ന് ഇന്ത്യയിലുണ്ട്. എന്നിട്ടും ഇന്ത്യ കൃത്യമായി ഒരു മൊസാർട്ടിനെപ്പോലും സൃഷ്ടിച്ചിട്ടില്ല. സംഖ്യകളല്ല മഹത്വം സൃഷ്ടിക്കുന്നത്, സംസ്കാരമാണ്,' എന്നായിരുന്നു പ്രാറ്റിന്റെ സമൂഹമാധ്യമ പ്രതികരണം.
ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ സംഭാവനകളെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം റോ ഖന്ന പ്രാറ്റിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തി.
'നമ്മളെ ഉയർത്തിക്കാട്ടാൻ മറ്റുള്ളവരെ താഴ്ത്തേണ്ട ആവശ്യമില്ല,' എന്നായിരുന്നു ഖന്നയുടെ പ്രതികരണം. സംഗീതജ്ഞൻ എ.ആർ. റഹ്മാനെ Time മാസിക 'മദ്രാസിലെ മൊസാർട്ട്' എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നും സംഗീതജ്ഞൻ ത്യാഗരാജ സ്വാമികൾ ഒരു 'മെലോഡിക് ജീനിയസ്' ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ മികച്ച പാരമ്പര്യങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവാണ് അമേരിക്കയെ അസാധാരണമാക്കുന്നതെന്നും അവയെ അജ്ഞതാപൂർവം തള്ളിക്കളയരുതെന്നും ഖന്ന കൂട്ടിച്ചേർത്തു.
തുടർന്ന് സമൂഹമാധ്യമ ചർച്ച കുടിയേറ്റവും ദേശീയ വിശ്വസ്തതയും സംബന്ധിച്ച വാദങ്ങളിലേക്കും നീങ്ങി. ഖന്നയ്ക്ക് പിന്തുണയുമായി നിരവധി പേർ എത്തിയപ്പോൾ, 'America First Tech' എന്ന അക്കൗണ്ട് അദ്ദേഹത്തിന് ഇന്ത്യയോടാണ് കൂടുതൽ വിശ്വസ്തതയെന്ന് ആരോപിച്ചു.
അമേരിക്കയുടെ കുടിയേറ്റ-വിസ സംവിധാനത്തെ വിമർശിച്ച അക്കൗണ്ട്, എച്ച്-1ബി വിസ പദ്ധതിയിലും പ്രത്യേക വിമർശനം ഉന്നയിച്ചു. എച്ച്-1ബി വിസ ലഭിക്കുന്നവരിൽ ഏകദേശം 70 ശതമാനവും ഇന്ത്യക്കാരാണെന്ന അവകാശവാദവും ഉന്നയിച്ചു. വിദേശ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ലഭിക്കുന്ന ആനുകൂല്യങ്ങൾ, STEM മേഖലകളിലെ വിദേശ തൊഴിലാളികളെ സംബന്ധിച്ച ദേശീയ സുരക്ഷാ ആശങ്കകൾ എന്നിവയും പോസ്റ്റിൽ ഉന്നയിച്ചു.
ഇന്ത്യൻ വംശജരായ അമേരിക്കക്കാരുടെ സംഭാവനകളെയും കുടിയേറ്റത്തെയും ചുറ്റിപ്പറ്റിയുള്ള അമേരിക്കയിലെ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് പുതിയൊരു മാനം നൽകുന്നതാണ് സമൂഹമാധ്യമങ്ങളിൽ ആരംഭിച്ച ഈ വാദപ്രതിവാദം.