Image

പയ്യന്നൂര്‍ ഹൈവേ കവര്‍ച്ച: സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിലെ നാലാമനും അറസ്റ്റില്‍

Published on 19 August, 2026
 പയ്യന്നൂര്‍ ഹൈവേ കവര്‍ച്ച: സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിലെ നാലാമനും അറസ്റ്റില്‍

 

പയ്യന്നൂര്‍: മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണ വ്യാപാരിയുടെ കാര്‍ തട്ടിയെടുത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ചൊക്ലി നെടുമ്പ്രത്തെ രാജീവന്റെ മകന്‍ അഭിനവിനെ (27) യാണ് കണ്ണൂര്‍ റൂറല്‍ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഇരിട്ടിയില്‍ ഒളിവില്‍ കഴിയവെയാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

മാലൂര്‍ കുണ്ടേരിപൊയിലിലെ അശ്വന്ത് (26),പാപ്പിനിശേരി കീച്ചേരി അഞ്ചാംപീടികയിലെ സനു സന്തോഷ്, കണ്ണപുരം ചെറുകുന്ന് പൂങ്കാവിലെ കുട്ടു എന്ന ആരംഭന്‍ ഹൗസില്‍ ജിജില്‍(38) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. രണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും അന്വേഷണസംഘം പിടികൂടിയിരുന്നു.

നേരത്തെ അറസ്റ്റിലായ അശ്വന്തിനെ തെളിവെടുപ്പിനായി മൂന്നുദിവസം പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പ്രതിയുമായി അന്വേഷണ സംഘം മാനന്തവാടിയിലെത്തി തെളിവെടുപ്പ് നടത്തി. സ്വര്‍ണംപൊട്ടിക്കലിനായി സംഘം ഗൂഢാലോചന നടത്തിയ ലോഡ്ജിലും മറ്റുമായാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പ്രതിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസിലെ നാലാമത്തെ പ്രതിയെ പിടികൂടിയത്.

ജൂണ്‍ രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ എടാട്ടായിരുന്നു കേസിനാസ്പദമായ സംഭവം. മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാര്‍ തട്ടിയെടുത്ത് കവര്‍ച്ച നടത്തുകയായിരുന്നു.

കാറിലുണ്ടായിരുന്ന മുപ്പത് പവനോളം സ്വര്‍ണവും ഒന്നരക്കോടിയോളം രൂപയുമാണ് കൊള്ളയടിച്ചത്. തട്ടിയെടുത്ത കാര്‍ പിന്നീട് പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്തനിലയില്‍ കണ്ടെത്തി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക