Image

അമേരിക്കയില്‍ 27 വര്‍ഷമായി താമസിക്കുന്ന ഇന്ത്യന്‍ വംശജയായ ഗ്രീന്‍ കാര്‍ഡ് ഉടമ ഐ.സി.ഇ കസ്റ്റഡിയില്‍

പി പി ചെറിയാന്‍ Published on 19 August, 2026
അമേരിക്കയില്‍ 27 വര്‍ഷമായി താമസിക്കുന്ന ഇന്ത്യന്‍ വംശജയായ ഗ്രീന്‍ കാര്‍ഡ് ഉടമ ഐ.സി.ഇ  കസ്റ്റഡിയില്‍

നോര്‍ത്ത് കരോലിന: അമേരിക്കയില്‍ 27 വര്‍ഷമായി താമസിക്കുന്ന ഇന്ത്യന്‍ വംശജയും ഗ്രീന്‍ കാര്‍ഡ് ഉടമയുമായ വെങ്കട വശംശെട്ടിയെ (58) യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) കസ്റ്റഡിയിലെടുത്തു.

നോര്‍ത്ത് കരോലിനയിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ അധ്യാപികയും ഗ്രാന്‍ഡ് മദറുമാണ് വെങ്കട. 2013 മുതല്‍ സ്ഥിരതാമസ രേഖയുള്ള (Lawful Permanent Resident) ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല.

കഴിഞ്ഞ മെയ് മാസത്തില്‍ ഇമിഗ്രേഷന്‍ ജഡ്ജി ഇവരുടെ നാടുകടത്തല്‍ കേസ് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍, ഓഗസ്റ്റ് 11-ന് പതിവ് പരിശോധനയ്ക്കായി എത്തിയപ്പോള്‍ ഐ.സി.ഇ അധികൃതര്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവില്‍ ജോര്‍ജിയയിലെ ഇര്‍വിന്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലാണ് ഇവര്‍ ഉള്ളത്.

2022-23 കാലഘട്ടത്തില്‍ മാതാപിതാക്കളെ പരിചരിക്കാന്‍ ഇന്ത്യയിലായിരുന്ന സമയത്ത് കോവിഡ് ബാധിതയായി യാത്ര വൈകിയതിനാല്‍, വെങ്കട സ്ഥിരതാമസം ഉപേക്ഷിച്ചുവെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ (DHS) വാദം.

ആരോഗ്യപ്രശ്‌നങ്ങള്‍: കടുത്ത പ്രമേഹ രോഗിയായ വെങ്കടയ്ക്ക് ജയിലില്‍ ആവശ്യമായ ചികില്‍സ ലഭിക്കുന്നില്ലെന്നും, ഇവരെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബവും അഭിഭാഷകരും കോടതിയെ സമീപിച്ചിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക