
കോഴിക്കോട്: ഇഡിയുടെ റെയ്ഡുകളെത്തുടര്‍ന്ന് പേടിച്ചോടില്ലെന്നും തല പോയാലും ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്നും മുന്‍മന്ത്രി പി.എ.മുഹമ്മദ് റിയാസ് എംഎല്‍എ
സി.എം.ആര്‍.എല്‍. - എക്‌സാലോജിക് പണമിടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്റെ സുഹൃത്തുക്കളുടെ അടക്കം വീടുകളില്‍ റെയ്ഡ് നടത്തിയ പശ്ചാത്തലത്തിലാണ് റിയാസിന്റെ പ്രതികരണം. റിയാസിന്റെ സുഹൃത്തുക്കളുടെയും അദ്ദേഹവുമായി അടുപ്പമുള്ള കോഴിക്കോട്ടെ സി.പി.എം.-ഡി.വൈ.എഫ്.ഐ. നേതാക്കളുടെയും വീടുകളിലടക്കം എട്ട് ഇടങ്ങളില്‍ ചൊവ്വാഴ്ച ഇ.ഡി. സംഘം റെയ്ഡ് നടത്തിയത്.
ഇവിടെനിന്നൊന്നും നിയമവിരുദ്ധമായി ഒന്നും കണ്ടെടുക്കാന്‍ ഇഡിക്കായിട്ടില്ലെന്ന് റിയാസ് പറഞ്ഞു. ഒന്നും ഒളിച്ചുവെച്ചല്ല വീണ കമ്പനി തുടങ്ങിയതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. 'ഒന്നും ഒളിച്ചുവെച്ച് വീണ സ്ഥാപനം തുടങ്ങിയിട്ടില്ല. വീണ സ്വതന്ത്ര വ്യക്തിയാണ്. ബിസിനസ് നടത്തരുതെന്ന് ഭരണഘടനാപരമായി പറയാന്‍ കഴിയില്ല. കുടുംബ പശ്ചാത്തലത്തിന്റെ ഭാഗമായി സര്‍ക്കാരിനെ സ്വാധീനിച്ച് ബിസിനസ് നടത്തുന്നതാണ് തെറ്റ്. അത് ആര്‍ക്കും പരിശോധിക്കാം. ഒരുപാട് അസംബന്ധമായ കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. രാഷ്ട്രീയപരമായും നിയമപരമായും നടപടി സ്വീകരിക്കും' റിയാസ് പറഞ്ഞു.
കോളേജ് കാലംതൊട്ടുള്ള തന്റെ സുഹൃത്തുക്കളെ റെയ്ഡിന്റെ ഭാഗമായി രാവിലെ മുതല്‍ രാത്രിവരെ ചോദ്യം ചെയ്തു. നിയമപരമായും മാന്യമായും ബിസിനസ് ചെയ്യുന്നവരാണ്. ഒരു പുകമുറ സൃഷ്ടിച്ച് സംശയത്തിന്റെ നിഴലില്‍നിര്‍ത്താനുള്ള ശ്രമം നടന്നു. പലമേഖലകളിലുമുള്ള ആളുകളുമായും ബന്ധമുണ്ട്. അതില്‍ ബിസിനസുകാരും ഉണ്ട്. ഇനിയും ബന്ധമുണ്ടാകും. ഇന്നലെ ഇഡി കയറി എന്ന് വിചാരിച്ച് ആ വീട്ടിലുള്ള ആളുകളുമായുള്ള ബന്ധം അവസാനിക്കുന്നില്ല. ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്നും റിയാസ് പറഞ്ഞു.
വിഷയം രാഷ്ട്രീയമായി നേരിടാനാണ് പാര്‍ട്ടിയും താനും തീരുമാനിച്ചിരിക്കുന്നത്. കൈപ്പത്തിയില്‍ ജയിച്ച ചില എംഎല്‍എമാര്‍ ഇഡിയെ പേടിച്ച് ബിജെപി ആയിട്ടുണ്ട്. ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ തലപോയാലും എതിര്‍ക്കുകയും പോരാടുകയും ചെയ്യും. അങ്ങനെ പേടിപ്പിച്ചാല്‍ പേടിക്കുന്നവരല്ല തങ്ങളെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യയും രാഷ്ട്രീയ നേതാവിന്റെ മകളും ഉന്നത വിദ്യാഭ്യാസവും നേടി എന്നത് കൊണ്ട് ബിസിനസ് നടത്തരുത് എന്ന് പറയുന്നത് ശരിയാണോ. ഭര്‍ത്താവ് എന്ന നിലയില്‍ എനിക്ക് വീണയോട് പറയാനുള്ളത്, വെറുതെയിരിക്കരുത്. ബിസിനസ് ചെയ്യണം. എല്ലാ
പ്രോത്സാഹനവും നല്‍കും. നമ്മുടെ ഒന്നും സ്വാധീനമില്ലാതെ ബിസിനസ് ചെയ്യാനുള്ള കഴിവും ശേഷിയും അവര്‍ക്കുണ്ട്. അത് ചെയ്യുന്നതിന് ഒരു പ്രയാസവുമില്ല' റിയാസ് പറഞ്ഞു.
എക്‌സാലോജിക് സൊല്യുഷന്‍സ് ഡയറക്ടറും റിയാസിന്റെ ഭാര്യയുമായ ടി. വീണയുടെ മൊഴികളില്‍നിന്നും ഡയറിയില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ റെയ്ഡ്.
സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ പി. നിഖില്‍, ഡി.വൈ.എഫ്.ഐ. വെസ്റ്റ്ഹില്‍ മേഖല ജോയിന്റ് സെക്രട്ടറിയും ഡെസ്റ്റിനേഷന്‍ ടൂറിസം മാനേജരുമായ എടക്കാട് സ്വദേശി നന്ദുലാല്‍, റിയാസിന്റെ സഹപാഠികളായ കോഴിക്കോട് സരോവരത്തെ കെ.സി.കെ. ഡെന്റല്‍സ് ഉടമ പി.പി ഷൈജല്‍, ഐ.ടി. കമ്പനി ഉടമ കാരപ്പറമ്പ് സ്വദേശി ഫെബിഷ് മുഹമ്മദ്, പന്തീരാങ്കാവിലെ കാപ്പിറ്റല്‍ മാര്‍ബിള്‍സ് ആന്‍ഡ് ഗ്രാനൈറ്റ് എം.ഡി. വാരിഷ് കളത്തിങ്ങല്‍, പ്രവാസി ഫൈജാസ് എന്നിവരുടെ വീടുകളിലും സരോവരത്തെ കെ.സി.കെ. ഡെന്റല്‍സ്, പന്തീരാങ്കാവിലെ കാപ്പിറ്റല്‍ മാര്‍ബിള്‍സ് എന്നീ സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. പോലീസിന്റെ സഹായംതേടാതെ കേന്ദ്രസേനയുടെ സുരക്ഷയോടെയായിരുന്നു പരിശോധന.