
യുഎസ് ഹൗസിന്റെ നിയന്ത്രണത്തിൽ സുപ്രധാനമാവുന്ന ഫ്ലോറിഡ 22ആം ഡിസ്ട്രിക്ടിൽ മത്സരിക്കാൻ ഇന്ത്യൻ അമേരിക്കൻ അദ്ധ്യാപിക പിയ ദണ്ഡിയയെ ചൊവാഴ്ച്ച നടന്ന ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുത്തു.
അറ്റോണി കെയ്സിയ ഏർലിയെ 61.3% വോട്ട് നേടിയാണ് അവർ തോൽപിച്ചത്. നവംബർ 3നു റിപ്പബ്ലിക്കൻ കേസി അക്‌സറെ തോൽപ്പിച്ചാൽ അവർ യുഎസ് കോൺഗ്രസിലെ പുതിയ ഇന്ത്യൻ അംഗമാവും.
ബിസിനസുകാരനും മുൻ മറീനുമായ അക്‌സർ ഏഴു പേർ മത്സരിച്ച റിപ്പബ്ലിക്കൻ പ്രൈമറിയിൽ ജയിച്ചത് 24% വോട്ട് നേടിയാണ്.
ഡെമോക്രാറ്റിക് സ്ഥാനാർഥിയായതിൽ അഭിമാനമുണ്ടെന്ന് ദണ്ഡിയ പറഞ്ഞു. തൊഴിൽ ചെയ്തു ജീവിക്കുന്ന കുടുബങ്ങൾക്കു വേണ്ടിയാണു ഈ പോരാട്ടം.
ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ മകളായി പാം ബീച്ച് കൗണ്ടിയിൽ ജനിച്ച ദണ്ഡിയ 28 വയസിൽ ഹാർലെമിൽ സ്വന്തം സ്കൂൾ സ്ഥാപിച്ചു രാജ്യത്തെ ഏറ്റവും ചെറുപ്പമായ പ്രിൻസിപ്പൽമാരിൽ ഒരാളായി. 86% വിദ്യാർഥികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നു വന്നിരുന്ന സ്കൂളിൽ നിന്ന് ആരും കോളജിൽ പ്രവേശനം നേടാതെ പോയിട്ടില്ല.
വൈറ്റ് ഹൗസിൽ ഡൊമസ്റ്റിക് പോളിസി കൗൺസിലിലും വിദ്യാഭ്യാസ വകുപ്പിലും ഫെലോ ആയിരുന്നു.
ദണ്ഡിയ ഏറെ വിജയസാധ്യതയുള്ള സ്ഥാനാർഥി ആയതിനാൽ ഈ സീറ്റിൽ പ്രതീക്ഷയുണ്ടെന്ന് ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റി ചെയർ കെൻ മാർട്ടിൻ പറഞ്ഞു. "ഗ്രോസറി വിലകൾ കുറയ്ക്കാനും ആരോഗ്യ രക്ഷയ്ക്കു വേണ്ടിയും കോൺഗ്രസിൽ പൊരുതാൻ അവർ തയാറാണ്. സൗത്ത് ഫ്ലോറിഡ കുടുംബങ്ങൾക്കു പാർപ്പിട പ്രശ്നം പരിഹരിക്കാനും. പിയയെ വിജയിപ്പിച്ചു ഈ സീറ്റ് നവംബറിൽ പിടിച്ചെടുക്കാൻ ഡി എൻ സി തയ്യാറാണ്."
പുനർ നിർണയം നടത്തിയ ഡിസ്ട്രിക്ടിൽ ബ്രോവാർഡ്, പാം ബീച്ച്, ഹെൻഡ്രി, കോളിയർ കൗണ്ടികളാണ് ഉള്ളത്. ഡെമോക്രാറ്റിക് റെപ്. ലൂയി ഫ്രാങ്കൽ 23ആം ഡിസ്ട്രിക്ടിലേക്കു മാറിയതോടെയാണ് സീറ്റ് ഒഴിവായത്.
പ്രസിഡന്റ് ട്രംപ് 2024ൽ 54.6% വോട്ട് നേടിയ ഡിസ്ട്രിക്ടിനു റിപ്പബ്ലിക്കൻ ചായ്‌വുണ്ടെന്നു കരുതപ്പെടുന്നു. 2020ൽ ജോ ബൈഡൻ നേടിയ ഡിസ്ട്രിക്ടിൽ പക്ഷെ മികവുറ്റ സ്ഥാനാർഥിയുടെ രംഗപ്രവേശമാണ് ഡെമോക്രാറ്റുകൾക്കു പ്രതീക്ഷ നൽകുന്നത്.
Pia Dandiya wins Democratic nomination in Florida 22