
ന്യൂഡൽഹി: രാജ്യത്ത് വധശിക്ഷ നടപ്പാക്കുന്നതിന് നിലവിലുള്ള തൂക്കിലേറ്റൽ രീതി തന്നെ തുടരുമെന്ന് സുപ്രീം കോടതി. തൂക്കുകയറിന് പകരം വേദന കുറഞ്ഞ മറ്റ് ബദൽ മാർഗങ്ങൾ വേണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധന നടത്താമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) 354(5), പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിലെ (ബിഎൻഎസ്എസ്) 393(5) എന്നീ വകുപ്പുകളുടെ ഭരണഘടനാ സാധുത പുനഃപരിശോധിക്കാൻ വിഷയം വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്ന് വിധി പ്രസ്‌താവിച്ചുകൊണ്ട് ജസ്റ്റിസ് സന്ദീപ് മേത്ത വ്യക്തമാക്കി. ദീന കേസിൽ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ഭാവിയിൽ പുതിയ ശാസ്ത്രീയമോ വൈദ്യശാസ്ത്രപരമോ ആയ തെളിവുകൾ ഉയർന്നുവരികയാണെങ്കിൽ ഈ വിഷയത്തിൽ വീണ്ടും കോടതിയെ സമീപിക്കുന്നതിന് വിധി തടസമാകില്ല. ഭരണഘടനാ വ്യാഖ്യാനം എന്നത് കാലാനുസൃതമായി മാറേണ്ടതാണെന്നും, ശാസ്ത്രീയ അറിവുകളിലെ പുരോഗതിക്കും ഭരണഘടനാപരമായ അഭിപ്രായങ്ങളുടെ പരിണാമത്തിനും അനുസരിച്ച് അത് പ്രതികരിക്കേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
ദീന കേസിലെ വിധിയുടെ അടിസ്ഥാനം മാറ്റിമറിക്കുന്ന തരത്തിലുള്ള പുതിയ തെളിവുകൾ വന്നാൽ ഭാവിയിൽ ഭരണഘടനാപരമായ പരിശോധനകൾക്ക് ഈ വിധി തടസമാകില്ലെന്ന് കോടതി പ്രത്യേകം ഓർമിപ്പിച്ചു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ അന്തസ്സ് സംരക്ഷിച്ചുകൊണ്ട്, അനാവശ്യമായ വേദന പരമാവധി കുറയ്ക്കുന്നതിന് നിലവിലെ രീതിക്ക് പകരം മറ്റ് ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയുമോ എന്ന് കേന്ദ്ര സർക്കാരിന് പരിശോധിക്കാവുന്നതാണ്. ഇതിനായി നിയമം, ഫോറൻസിക് മെഡിസിൻ, ന്യൂറോ സയൻസ്, ക്രിമിനോളജി തുടങ്ങിയ അനുബന്ധ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സമിതി രൂപീകരിച്ച് സമഗ്രമായ പഠനം നടത്താൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ നിരീക്ഷണങ്ങളോടെയാണ് ഹർജി തള്ളിയത്.