
തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച സാമ്പത്തിക സഹായം വൈകിപ്പിക്കാൻ സംസ്ഥാനത്തെ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും കൂട്ടുപിടിച്ച് അധമ രാഷ്ട്രീയ പ്രവർത്തനമാണ് നടന്നതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. തൃശൂർ കളക്ടറേറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര വിഹിതം വിതരണം ചെയ്ത ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ കത്ത് ലഭിക്കാതെ കേന്ദ്രത്തിന് തുക കൈമാറാൻ കഴിയില്ലെന്നിരിക്കെ, പുലിക്കളിക്ക് എട്ടു ദിവസം മുൻപ് വിഷയം പരസ്യമാക്കുമെന്ന് നിലപാടെടുത്ത ശേഷമാണ് നടപടിയുണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി.
ടൂറിസം വകുപ്പും മുൻ കളക്ടർ ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥരും ഇതിനായി ഹീനമായ രാഷ്ട്രീയ കളി നടത്തിയെന്ന് സുരേഷ് ഗോപി രൂക്ഷമായി വിമർശിച്ചു. പുലിക്കളി ഫണ്ടുമായി ബന്ധപ്പെട്ട് ടൂറിസം സെക്രട്ടറി ബിജുവിനെയും ജില്ലാ ഭരണകൂടത്തെയും പലതവണ നേരിട്ട് ബന്ധപ്പെട്ടിരുന്നു. കാര്യവിവരമില്ലാത്ത ലൊട്ടുലൊടുക്ക് ഉദ്യോഗസ്ഥർക്കല്ല, മറിച്ച് വകുപ്പ് സെക്രട്ടറിക്കും കളക്ടർക്കുമാണ് താൻ നിർദ്ദേശങ്ങൾ കൈമാറിയത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ തിരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ട 'പിശാചുക്കൾ' ഇതിന് പ്രായശ്ചിത്തം ചെയ്യണമെന്നും ഇവിടെനിന്ന് വിജയിച്ചുപോയി മന്ത്രിയായ വ്യക്തിയാണ് ഇതിനെല്ലാം കൂട്ടുനിന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
ചരിത്രത്തിലാദ്യമായാണ് പുലിക്കളിക്ക് കേന്ദ്ര തലത്തിൽനിന്ന് നേരിട്ട് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിനതീതമായി തൃശൂരിലെ ജനങ്ങൾ തന്നെ തിരഞ്ഞെടുത്തതും തനിക്ക് ടൂറിസം വകുപ്പിന്റെ ചുമതല ലഭിച്ചതുമാണ് പുലിക്കളി സംഘങ്ങൾക്ക് ഈ ഫണ്ട് ഉറപ്പാക്കാൻ വഴിയൊരുക്കിയത്. തനിക്കെതിരെ നുണക്കഥകൾ മെനഞ്ഞവരുടെ വായ ഇനി തുറക്കരുതെന്നും, ഇതിന്റെ പേരിൽ ഉയരുന്ന ഏതൊരു രാഷ്ട്രീയ വിവാദങ്ങളെയും നേരിടാൻ പൂർണ സജ്ജനാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.