
ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നടി തൃഷയ്ക്ക് മുൻനിരയിൽ ഇരിപ്പിടം നൽകിയതിലും പരസ്പരം സല്യൂട്ട് കൈമാറിയതിലും മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷമായ കടന്നാക്രമണവുമായി ഡി.എം.കെ. പാർട്ടിയുടെ ഔദ്യോഗിക മുഖപത്രമായ 'മുരശൊലി'യിലെ മുഖപ്രസംഗത്തിലൂടെയാണ് വിജയ്‌യെയും തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാരിനെയും ഡി.എം.കെ അതിരൂക്ഷമായി വിമർശിച്ചത്. ഔദ്യോഗിക പദവിക്ക് നിരക്കാത്ത "ലജ്ജാകരമായ കാഴ്ച"യാണിതെന്നും വോട്ട് ചെയ്തവർക്ക് പോലും ദഹിക്കാത്ത നടപടിയാണിതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ മാതാപിതാക്കൾക്കൊപ്പമാണ് നടി തൃഷ മുൻനിരയിൽ ഇരുന്നിരുന്നത്. വിജയ് ദേശീയ പതാക ഉയർത്തുമ്പോഴും ഔദ്യോഗിക സല്യൂട്ട് സ്വീകരിക്കുമ്പോഴും തൃഷ സല്യൂട്ട് തിരിച്ചുനൽകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മേയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന ഒരാൾ ഇത്തരത്തിലുള്ള വികൃതവും അനുചിതവുമായ പെരുമാറ്റങ്ങളെ പരസ്യമായി കാണിച്ച് ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്ന് മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.
വിജയ്‌യുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേരത്തെ തന്നെ വലിയ ചർച്ചയായിരുന്നു. സ്വാതന്ത്ര്യദിന ചടങ്ങിലെ വൈറൽ ദൃശ്യങ്ങൾ ആയുധമാക്കി ഡി.എം.കെ രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയപ്പോരിലേക്ക് വഴിമാറിയിട്ടുണ്ട്. അതേസമയം, തൃഷയ്‌ക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ആഗസ്റ്റ് നാലിന് അറസ്റ്റ് ചെയ്തതിലുള്ള രാഷ്ട്രീയ പ്രതികാരമാണ് ഡി.എം.കെ ഇപ്പോൾ തീർക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.