
മുംബൈ: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പതിനാലുകാരിയെ വിളിച്ചുവരുത്തി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ അറസ്റ്റിലായി. പതിനേഴ് വയസ്സുള്ള രണ്ട് പ്രതികളെയാണ് തുലിഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
കഴിഞ്ഞ ജൂലൈ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രതികൾ സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഒരു ചൗളിലെ അടച്ചിട്ട മുറിയിലെത്തിച്ച് ഇരുവരും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാൽ കുടുംബത്തെ ഒന്നടങ്കം വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇവർ പെൺകുട്ടിയെ വിട്ടയച്ചത്.
ദിവസങ്ങൾക്ക് ശേഷം ഭീഷണി അവഗണിച്ച് പ്രതികൾ ഈ പീഡനദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഓഗസ്റ്റ് 15-ന് പെൺകുട്ടിയുടെ ബന്ധുക്കളിൽ ഒരാൾ ഈ വിഡിയോ കാണാനിടയായതോടെയാണ് ഞെട്ടിക്കുന്ന വിവരം കുടുംബം അറിയുന്നത്. തുടർന്ന് മാതാപിതാക്കൾ തുലിഞ്ച് പൊലീസിൽ പരാതി നൽകുകയും പൊലീസ് ഉടൻ തന്നെ ഇരു പ്രതികളെയും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കുകയുമായിരുന്നു.