
ന്യൂഡൽഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയ രീതിയെയും വാനോളം പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ മാതൃക പിന്തുടർന്ന് കർശന പൗരത്വ തെളിവുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളും നിർബന്ധമാക്കുന്ന 'സേവ് അമേരിക്ക ആക്ട്' (SAVE America Act) എത്രയും വേഗം യു.എസ് തെരഞ്ഞെടുപ്പിലും നടപ്പാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ'യായിരുന്നു ട്രംപിന്റെ പ്രതികരണം.
സാധുവായ ഫോട്ടോ ഐഡി പോലുമില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്നതെന്ന് ഇന്ത്യൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ യു.എസ് ഭരണകൂടത്തോട് ചോദിച്ച കാര്യം ട്രംപ് കുറിപ്പിൽ എടുത്തുപറഞ്ഞു. കഴിഞ്ഞ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ 64.6 കോടി വോട്ടർമാർ പങ്കെടുത്തെന്നും ഇതിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് തപാൽ വോട്ട് രേഖപ്പെടുത്തിയതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഓരോ വോട്ടർക്കും സാധുവായ ഫോട്ടോ തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നുവെന്നത് ഇന്ത്യയെ ലോകത്തിന് തന്നെ മികച്ച മാതൃകയാക്കുന്നുവെന്നും അമേരിക്കൻ കോൺഗ്രസ് ഈ നിയമം ഉടനടി പാസാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പുവരുത്താനും വ്യാജ വോട്ടുകൾ തടയാനും വോട്ടർ ഐഡി നിർബന്ധമാക്കണമെന്ന നിലപാട് ട്രംപ് വീണ്ടും ശക്തമാക്കുകയാണ്. അതേസമയം, ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തെ പുകഴ്ത്തിയുള്ള ട്രംപിന്റെ പ്രസ്താവനയെ ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറും പൂർണമായി പിന്തുണച്ചു. ട്രംപ് പറഞ്ഞ കാര്യങ്ങൾ നൂറുശതമാനവും ശരിയാണെന്നും ഇന്ത്യയിലെ വോട്ടർ തിരിച്ചറിയൽ സംവിധാനം യു.എസിലും മാതൃകയാക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.