
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതികളിൽ 100 ദിവസമോ അതിലധികമോ തൊഴിൽ പൂർത്തിയാക്കിയ കുടുംബങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് 1200 രൂപ വീതം പ്രത്യേക പാരിതോഷികം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി എന്നിവയിലെ 3,75,777 കുടുംബങ്ങൾക്കാണ് ഈ വർഷത്തെ ഓണസമ്മാനം ലഭിക്കുക
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 2025-26 സാമ്പത്തിക വർഷം 100 തൊഴിൽദിനം പൂർത്തിയാക്കിയ 3,68,688 കുടുംബങ്ങൾക്കാണ് തുക അനുവദിച്ചത്. ഇതിനായി ആകെ 44.24 കോടി രൂപ ചെലവാകും. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 44,24,26,000 രൂപയിൽ നിന്നാണ് ഈ തുക കണ്ടെത്തുക.
2017 മുതൽ മുൻ സാമ്പത്തിക വർഷങ്ങളിൽ 100 ദിവസത്തിൽ കുറയാതെ തൊഴിലെടുത്ത കുടുംബങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് ഉത്സവബത്തയോ പ്രത്യേക പാരിതോഷികമോ അനുവദിച്ചുവരുന്നതായി സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. 2025-26 വർഷത്തേക്കുള്ള ആനുകൂല്യം അനുവദിക്കണമെന്ന മിഷൻ ഡയറക്‌ടറുടെ ശിപാർശ പരിഗണിച്ചാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്