
ടെൽ അവീവ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാന പദ്ധതി തള്ളി ഇസ്രയേൽ. ഹമാസിനെ പൂർണമായി നിരായുധീകരിക്കാതെ ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും ഹമാസ് ആയുധം താഴെവെക്കുന്നതുവരെ യുദ്ധത്തിൽനിന്ന് പിന്നോട്ടില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ട്രംപിന്റെ പ്രതിനിധിയും മരുമകനുമായ ജാറെഡ് കുഷ്‌നറുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയിലാണ് ഇസ്രയേൽ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഇതോടെ യുഎസ് മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ വഴിത്തിരിവൊന്നുമില്ലാതെ പരാജയപ്പെട്ടു.
ഗാസയിൽ വീണ്ടും ആക്രമണം അഴിച്ചുവിടരുതെന്ന് കുഷ്‌നർ നെതന്യാഹുവിനോട് അഭ്യർത്ഥിച്ചെങ്കിലും, ഹമാസ് ആയുധം ശേഖരിക്കുകയോ വീണ്ടും ആക്രമണത്തിന് മുതിരുകയോ ചെയ്താൽ തിരിച്ചടിക്കാൻ ഇസ്രയേലിന് എല്ലാ അവകാശവുമുണ്ടെന്ന് അധികൃതർ പ്രതികരിച്ചു. അതേസമയം, നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നുവെന്നും നിരായുധീകരണ വിഷയത്തിൽ അടുത്ത 30 ദിവസത്തിനുള്ളിൽ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കുഷ്‌നർ പറഞ്ഞു. ഇസ്രയേൽ-ഹമാസ് പ്രതിനിധികളുമായി രണ്ടു ദിവസം നീണ്ട മാരത്തൺ ചർച്ചകൾ നടത്തിയ ശേഷമാണ് കുഷ്‌നർ ജറുസലേമിൽ നിന്ന് മടങ്ങിയത്.
ഒക്ടോബറിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇസ്രയേൽ വ്യോമാക്രമണം തുടരുകയും കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് ട്രംപിന്റെ പദ്ധതി വഴിമുട്ടിയത്. യുഎസ് സമാധാന ഫോർമുലയോട് പൊതുവെ യോജിക്കുന്നുണ്ടെങ്കിലും ഹമാസ് പൂർണമായി ആയുധം വെച്ചൊഴിയാതെ ഗാസയിൽ പുനർനിർമാണം സാധ്യമല്ലെന്ന നിലപാടിലാണ് ഇസ്രയേൽ. ഹമാസ് ആയുധം താഴെവെക്കാൻ സമ്മതിച്ചതായി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇസ്രയേലിന്റെ ആക്രമണങ്ങൾ പൂർണമായി അവസാനിപ്പിച്ചാൽ മാത്രമേ നിരായുധീകരണത്തോട് സഹകരിക്കൂ എന്നാണ് ഹമാസിന്റെ നിലപാട്.