
തിരുവനന്തപുരം: അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തെ രാഷ്ട്രീയ മൂല്യങ്ങൾ കൈവിട്ട് ബി.ജെ.പി ഇന്നൊരു കേവല 'ഗുജറാത്തി കമ്പനി'യായി മാറിയെന്ന് കോൺഗ്രസ് എം.എൽ.എ സന്ദീപ് വാര്യർ. ബി.ജെ.പി നേതൃത്വത്തിനെതിരെ മുൻ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തിയ തുറന്നുപറച്ചിലുകളെയും വിമർശനങ്ങളെയും പൂർണമായി പിന്തുണച്ച് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സന്ദീപ് വാര്യർ പാർട്ടി നേതൃത്വത്തിനെതിരെ അതിരൂക്ഷമായ കടന്നാക്രമണം നടത്തിയത്.
രാഷ്ട്രീയമായി അണ്ണാമലൈയോട് എല്ലാ കാര്യങ്ങളിലും യോജിപ്പില്ലെങ്കിലും, ബി.ജെ.പിക്കെതിരെ അദ്ദേഹം ഇപ്പോൾ ഉയർത്തുന്ന നിശിതമായ വിമർശനങ്ങൾ തികച്ചും വസ്തുതാപരവും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുമാണെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. ഒരു ഉത്തരേന്ത്യൻ പാർട്ടി എന്നതിലുമപ്പുറം ബി.ജെ.പി ഇന്ന് ചുരുക്കം ചിലരുടെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന ഒരു 'ഗുജറാത്തി പാർട്ടി' അല്ലെങ്കിൽ ഒരു 'ഗുജറാത്തി കമ്പനി' ആയി മാറിയിരിക്കുന്നു എന്നതാണ് രാജ്യത്തെ യാഥാർഥ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ് നിലവിലെ കേന്ദ്ര ഭരണമെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് അങ്ങേയറ്റത്തെ രാഷ്ട്രീയ വിവേചനമാണ് ബി.ജെ.പി കാണിക്കുന്നത്. പാർട്ടിയുടെ ഉന്നത നേതാക്കൾക്ക് ദക്ഷിണേന്ത്യക്കാരോട് വല്ലാത്ത പുച്ഛമാണെന്നും, കേന്ദ്ര പദ്ധതികളുടെയെല്ലാം പേരുകൾ ഹിന്ദിയിൽ മാത്രം നിശ്ചയിക്കുന്നതിലൂടെ ദക്ഷിണേന്ത്യൻ ഭാഷകളെ മനഃപൂർവം അവഗണിച്ച് മാറ്റിനിർത്തുകയാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.