
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജുകളുടെ ഭൗതിക-ഐ.ടി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക നിലവാരം ഉയർത്തുന്നതിനുമായി 45,68,11,037 രൂപ അനുവദിച്ച് ഉത്തരവിറക്കിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു. കോളജുകളിൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുക, ഗവേഷണ സൗകര്യങ്ങൾ വിപുലീകരിക്കുക, കൂടുതൽ വിദ്യാർഥിസൗഹൃദ കാംപസുകൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തുക അനുവദിച്ചിരിക്കുന്നത്. പുതിയ അക്കാദമിക് ബ്ലോക്കുകൾ, ഭരണനിർവഹണ കേന്ദ്രങ്ങൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ തുടങ്ങിയവയുടെ നിർമാണത്തിനാണ് പ്രധാനമായും ഈ വികസന ഫണ്ട് വിനിയോഗിക്കുക.
എറണാകുളം പറവൂർ കേസരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ പുതിയ ഭരണനിർവഹണ കേന്ദ്ര നിർമാണത്തിനായി അനുവദിച്ച 13.48 കോടി രൂപയാണ് പദ്ധതിയിലെ ഏറ്റവും വലിയ വിഹിതം. എറണാകുളം മഹാരാജാസ് കോളജിലെ ഹോസ്റ്റൽ, മെസ് കെട്ടിടങ്ങൾക്കായി 5.60 കോടിയും കാര്യവട്ടം ഗവ. കോളജിലെ ലൈബ്രറി, റിസർച്ച് ബ്ലോക്കിനായി 4.81 കോടിയും തലശ്ശേരി ബ്രണ്ണൻ കോളജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷന് 2.42 കോടിയും അനുവദിച്ചു. മൂന്നാർ ഗവ. കോളജ് (₹1.98 കോടി), വടകര മടപ്പള്ളി കോളജ് (₹1.34 കോടി), കരുനാഗപ്പള്ളി ഗവ. കോളജ് (₹1.29 കോടി), കെ.കെ.ടി.എം ഗവ. കോളജ് (₹1.27 കോടി), എളേരിത്തട്ട് ഇ.കെ.എൻ.എം കോളജ് (₹99.68 ലക്ഷം), തോളന്നൂർ ഗവ. കോളജ് (₹98.35 ലക്ഷം) എന്നിവയും തുക അനുവദിച്ച സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു.
സർക്കാർ കോളജുകളെ ദേശീയ-അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള സർക്കാരിന്റെ നിരന്തരമായ ഇടപെടലുകളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഭരണാനുമതി ലഭിച്ച പദ്ധതികൾ കാലതാമസമില്ലാതെ ആരംഭിക്കാനും കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.