Image

പുളിങ്കുന്നിൽ വിമുക്തഭടനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

Published on 18 August, 2026
പുളിങ്കുന്നിൽ വിമുക്തഭടനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

ആലപ്പുഴ: വീട്ടിൽ തനിച്ചു താമസിച്ചിരുന്ന വിമുക്തഭടനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മങ്കൊമ്പ് പുളിങ്കുന്ന് കണ്ണാടി വേങ്ങലോത്ത് വീട്ടിൽ വിജി സന്തോഷ് കുമാറാണ് (56) മരിച്ചത്. ഇന്നലെ വൈകിട്ടോടെ സന്തോഷ് കുമാറിന്റെ അടഞ്ഞുകിടന്ന വീടിനുള്ളിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ വിവരം പഞ്ചായത്ത് അംഗത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് പുളിങ്കുന്ന് പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.

​കഴിഞ്ഞ എട്ടാം തീയതിയാണ് സന്തോഷ് കുമാറിനെ നാട്ടുകാർ അവസാനമായി പുറത്തു കണ്ടത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാളുടെ ഭാര്യയും മക്കളും ഏറെ നാളുകളായി സ്വന്തം വീട്ടിലായിരുന്നു താമസം. ഒപ്പമുണ്ടായിരുന്ന മാതാവ് പൊന്നമ്മ രണ്ടു വർഷം മുൻപ് ചെങ്ങന്നൂരിലെ സഹോദരിയുടെ വീട്ടിലേക്ക് മാറുകയും രണ്ടാഴ്ച മുൻപ് അവിടെവച്ച് മരണപ്പെടുകയും ചെയ്തിരുന്നു.

​മാതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് ഭാര്യയെയും മക്കളെയും കണ്ട ശേഷമാണ് സന്തോഷ് കുമാർ പുളിങ്കുന്നിലെ വീട്ടിലേക്ക് മടങ്ങിയെത്തിയതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: രജനി. മക്കൾ: സരിത, സിത്താര.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക