
സുൽത്താൻ ബത്തേരി: വടക്കനാട് പള്ളിവയൽ ഉന്നതിയിലെ ആദിവാസി വയോധിക തങ്കിയെ കാണാതായ സംഭവത്തിൽ പൊലീസ് മൊഴിയെടുത്ത കൊച്ചുമകൻ സുധീഷിനെ (27) കാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിവയൽ സ്വദേശി രാജന്റെ മകനായ സുധീഷിന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഉന്നതിയിൽ നിന്ന് 400 മീറ്ററോളം അകലെയുള്ള കോലിച്ചിപ്പാറ വനത്തിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് നാട്ടുകാർ കണ്ടത്.
കഴിഞ്ഞ ജൂലൈ 30 മുതലാണ് വീട്ടിൽ തനിച്ച് താമസിച്ചിരുന്ന തങ്കിയെ കാണാതായത്. നാട്ടുകാരും ബന്ധുക്കളും നൽകിയ പരാതിയെ തുടർന്ന് പൊലീസും വനംവകുപ്പും ഡോഗ് സ്ക്വാഡും ചേർന്ന് പ്രദേശത്ത് വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. സ്വന്തം വീട്ടിലും തങ്കിയുടെ വീട്ടിലുമായി മാറിമാറി താമസിച്ചിരുന്ന സുധീഷിനെ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് ചോദ്യം ചെയ്ത് മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു.
എന്നാൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ സുധീഷിനെയും പ്രദേശത്ത് നിന്ന് കാണാതായി. ശനിയാഴ്ച അന്വേഷണത്തിനായി പൊലീസ് വീണ്ടും ഉന്നതിയിലെത്തിയപ്പോഴാണ് ഇയാളെയും കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. ഇതിൽ ബന്ധുക്കൾ പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണ് ഞായറാഴ്ച സുധീഷിനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കിയുടെ തിരോധാനവുമായി മരണത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സമഗ്രമായി അന്വേഷിച്ചു വരികയാണെന്ന് സുൽത്താൻ ബത്തേരി പൊലീസ് അറിയിച്ചു.