Image

വയസ്സായവരെ പിന്തുടർന്ന് സ്വർണ്ണക്കവർച്ച ; അന്തർസംസ്ഥാന മോഷണസംഘത്തിലെ രണ്ടു സ്ത്രീകൾ അറസ്റ്റിൽ

Published on 18 August, 2026
വയസ്സായവരെ പിന്തുടർന്ന് സ്വർണ്ണക്കവർച്ച ; അന്തർസംസ്ഥാന മോഷണസംഘത്തിലെ രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കൽപ്പറ്റ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൃദ്ധരെ ലക്ഷ്യമിട്ട് വ്യാപകമായി മാല കവർച്ച നടത്തിവന്ന അന്തർസംസ്ഥാന മോഷണസംഘത്തിലെ രണ്ടു സ്ത്രീകൾ വയനാട് പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട് മധുര സ്വദേശികളായ കണ്ണകി എന്ന അർച്ചന രമ്യ (30), ഈശ്വരി (47) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ മീനങ്ങാടി പഞ്ചായത്ത് പരിസരത്തുനിന്ന് അതിസാഹസികമായി പിടികൂടിയത്. കേരളത്തിനകത്തും പുറത്തുമായി വ്യാജപേരുകളിൽ നിരവധി മോഷണക്കേസുകളിലും വാറണ്ടുകളിലും പ്രതികളായ ഇവർ, പ്രായമായവരെ പിന്തുടർന്ന് മാല കവർന്ന ശേഷം ഓട്ടോറിക്ഷകളിൽ മാറിമാറി സഞ്ചരിച്ചും വിവിധയിടങ്ങളിൽ തങ്ങിയും കുറ്റകൃത്യങ്ങൾ തുടർന്നുപോരുകയായിരുന്നു.

​വാവുബലിയോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്രപരിസരം, അമ്പലവയൽ, കമ്പളക്കാട്, ബത്തേരി എന്നിവിടങ്ങളിൽ തുടർച്ചയായി കവർച്ച നടന്നതോടെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹറിന്റെ മേൽനോട്ടത്തിൽ മാനന്തവാടി എ.എസ്.പി കാർത്തിക്, ഡിവൈ.എസ്.പിമാരായ എം.എം. അബ്ദുൾ കരീം, ടി.എ. അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങളും സാഗോക്കും (SAGOC) ജില്ലയിലുടനീളം ബസുകളിലും ലോഡ്ജുകളിലും പരിശോധന ശക്തമാക്കി. ഇതിനിടെ മീനങ്ങാടി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സുമേഷ് ഇവരെ തിരിച്ചറിഞ്ഞതോടെയാണ് പ്രതികൾ വലയിലായത്.

​ഇന്ന് മീനങ്ങാടിയിലെ ‘ഔറ കളക്ഷൻ’ എന്ന ഫാൻസി കടയിൽ നിന്നും ഇവർ സാധനങ്ങൾ മോഷ്ടിച്ചതായി പരാതിയുണ്ട്. ബസ് സ്റ്റാൻഡുകളിലും തിരക്കേറിയ ബസുകളിലും പ്രതികൾ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് നേരത്തെ ജാഗ്രതാ നിർദേശത്തോടെ പുറത്തുവിട്ടിരുന്നു. കവർച്ചാ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായതായും ബാക്കിയുള്ളവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക