
വാഷിങ്ടൺ: കാലിഫോർണിയയിലെ സാന്റാക്രൂസ് തീരത്ത് ശക്തമായ തിരമാലകളിൽ അകപ്പെട്ട നഥാനിയൽ റായിയെ സാഹസികമായി രക്ഷപ്പെടുത്തിയ 16കാരനായ ലൈഫ് ഗാർഡ് റൈഡർ വില്യംസിനെ വൈറ്റ് ഹൗസിൽ ആദരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
നഥാനിയൽ റായിയെയും കുടുംബത്തെയും ഒപ്പം കൂട്ടിയാണ് വില്യംസിനെ ട്രംപ് ഓവൽ ഓഫീസിൽ സ്വീകരിച്ചത്. അപകടകരമായ സാഹചര്യത്തിലും ധൈര്യത്തോടെ രക്ഷാപ്രവർത്തനം നടത്തിയ വില്യംസിന്റെ നടപടിയെ ട്രംപ് അഭിനന്ദിച്ചു. രക്ഷാപ്രവർത്തനത്തിന് വില്യംസിന് ലഭിച്ച പരിശീലനവും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
നഥാനിയലുമായി സംഭവത്തെക്കുറിച്ച് സംസാരിച്ച ട്രംപ്, വില്യംസിന്റെ സഹായമില്ലാതെ രക്ഷപ്പെടാനാകുമായിരുന്നോ എന്ന് ചോദിച്ചപ്പോൾ നഥാനിയൽ 'അത്ര എളുപ്പമായിരുന്നില്ല' എന്ന് പ്രതികരിച്ചതായും പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ താൻ പലതവണ കണ്ടതായും ട്രംപ് വ്യക്തമാക്കി.
നഥാനിയലിന്റെ പിതാവ് സുമിത് റായ് വില്യംസിനും ലൈഫ് ഗാർഡ് ആരൺ ബോണനും രക്ഷാപ്രവർത്തനത്തിൽ സഹായിച്ച മറ്റുള്ളവർക്കും നന്ദി അറിയിച്ചു. വില്യംസ് നടത്തിയ രക്ഷാപ്രവർത്തനം അവിശ്വസനീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപകടകരമായ സാഹചര്യങ്ങളെ നേരിടാൻ മികച്ച പരിശീലനം ലഭിച്ചിട്ടുണ്ടെന്നും കുട്ടിയെ എത്രയും വേഗം വെള്ളത്തിൽ നിന്ന് പുറത്തെത്തിക്കണമെന്ന ചിന്ത മാത്രമായിരുന്നു അപ്പോൾ മനസ്സിലുണ്ടായിരുന്നതെന്നും വില്യംസ് വ്യക്തമാക്കി.
ഭാവിയിൽ അഗ്നിരക്ഷാസേനയിൽ ചേരാനും പാരാമെഡിക് പരിശീലനം നേടാനുമാണ് വില്യംസിന്റെ ആഗ്രഹം. തന്റെ തലമുറയിലെ യുവാക്കളോട് മറ്റുള്ളവരെ സഹായിക്കാനും ചുറ്റുമുള്ളവരുടെ സുരക്ഷയിൽ ശ്രദ്ധിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
രക്ഷാപ്രവർത്തനം നടന്ന ദിവസം ചൂടേറിയ കാലാവസ്ഥയ്ക്കൊപ്പം ശക്തമായ തിരമാലകളും കടുത്ത കടലൊഴുക്കും നിലനിന്നിരുന്നതായി സാന്റാക്രൂസ് അക്വാട്ടിക്സ് ആൻഡ് ലൈഫ് ഗാർഡ് ഓപ്പറേഷൻസ് അസിസ്റ്റന്റ് ചീഫ് ജസ്റ്റിൻ മക്‌ഹെൻറി പറഞ്ഞു. ഓരോ വർഷവും 16 വയസ്സ് മുതൽ ഏകദേശം 200 ലൈഫ് ഗാർഡുകൾക്ക് പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'സമഗ്രതയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തും' ആവശ്യമായ ജോലിയാണ് ലൈഫ് ഗാർഡിന്റേതെന്നും വില്യംസിന്റെ പ്രവർത്തനം അതിന് ഉത്തമ ഉദാഹരണമാണെന്നും മക്‌ഹെൻറി അഭിപ്രായപ്പെട്ടു.